തിരുവനന്തപുരം: ആശാ വർക്കർമാർ മന്ത്രി വീണ ജോർജുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് സെക്രട്ടറിയേറ്റിന് മുന്നിലെ സമരം ശക്‌തമാക്കാൻ തീരുമാനം. നാളെ രാവിലെ 11 മണിമുതൽ അനിശ്ചിത കാല നിരാഹാര സമരം തുടങ്ങുമെന്ന് സമര സമിതി നേതാവ് മിനി അറിയിച്ചു.
സമരസമിതി നേതാക്കൾ എൻഎച്എം ഡയറക്ടർ ഡോ. വിനയ് ഗോയലുമായിനേരത്തെ നടത്തിയ ചർച്ചയും പരാജയപെട്ടിരുന്നു. അതിനെ തുടർന്നാണ് ആരോഗ്യ മന്ത്രി വീണ ജോർജ് സമര സമിതി നേതാക്കളെ ചർച്ചക്ക് വിളിച്ചത്. നിയമസഭയിലെ മന്ത്രിയുടെ ഓഫീസിലായിരുന്നു ചർച്ച നടന്നത്.
തങ്ങൾ മുന്നോട്ട് വെച്ച ഒരു ആവശ്യവും സർക്കാർ അംഗീകരിക്കില്ലെന്നും,ഓണറേറിയം ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഒന്നും ചർച്ച ചെയ്‌തില്ലെന്നും പുതിയ നിർദ്ദേശങ്ങളോ പരിഗണനകളോ മന്ത്രിതല ചർച്ചയിൽ ഉണ്ടായില്ലെന്നും സമരക്കാർ പറഞ്ഞു.
എംഎം ബിന്ദു, തങ്കമണി എന്നിവർ വ്യാഴാഴ്‌ച മുതൽ നിരാഹാരം ആരംഭിക്കുമെന്നും സമരക്കാർ വ്യക്തമാക്കി. ചർച്ച പ്രഹസനം മാത്രമായിരുന്നെന്നും നിരാഹാരസമരത്തിന് മുന്നെ സമരക്കാരുമായി ചർച്ച നടത്തി എന്ന് വരുത്തിത്തീർക്കുക മാത്രമേ മന്ത്രിതല ചർച്ചക്ക് ഉണ്ടായിരുന്നുളളൂ എന്നും സമരക്കാർ ആരോപിച്ചു. ചർച്ചക്ക് ശേഷം സെക്രട്ടറിയറ്റിന് മുന്നിൽ പ്രതിഷേധിച്ച സമരക്കാർ എംജി റോഡിൽ പ്രകടനവും നടത്തി



