തിരുവനന്തപുരം: സംഘ് പരിവാറിന് വഴങ്ങി എമ്പുരാൻ നിർമാതാക്കൾ. ഗുജറാത്ത് വംശഹത്യയെ ഓർമിപ്പിച്ച രംഗങ്ങൾ പലതും വെട്ടിയൊതുക്കി. സിനിമയുടെ എഡിറ്റ് ചെയ്‌ത വേർഷനിൽ 24 വെട്ടെന്ന് റിപ്പോർട്ടുകൾ. പ്രധാനപ്പെട്ട വില്ലന്റെ ബജ്‌രംഗി എന്ന പേര് ബൽദേവ് എന്നാക്കി മാറ്റുകയും ചെയ്‌തു. സ്ത്രീകൾക്കെതിരായ അതിക്രമ രംഗങ്ങൾ പൂർണമായും ഒഴിവാക്കുകയും ചെയ്‌തതായി സെൻസർ രേഖകൾ.
രണ്ട് മിനിറ്റ് എട്ട് സെക്കൻറ് സമയമാണ് സിനിമയിൽ നിന്നും വെട്ടി മാറ്റിയിരിക്കുന്നത്. മത ചിഹ്നങ്ങളുടെ പശ്ചാത്തലത്തിൽ വാഹനങ്ങൾ കടന്നു പോവുന്ന രംഗങ്ങളും ഒഴിവാക്കുകയും എൻഐഎയുമായി ബന്ധപ്പെട്ട പരാമർശങ്ങൾ മുഴുവനും മ്യൂട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.
എമ്പുരാൻ സിനിമയുടെ ഭാഗങ്ങൾ എഡിറ്റ് ചെയ്യാൻ തീരുമാനിച്ചത് ആരെയും ഭയന്നു കൊണ്ടല്ലെന്നും ആരുടെയും പ്രേരണ കൊണ്ടുമല്ല ഇത് ചെയ്‌തത്. ഞങ്ങൾക്ക് ശരിയായ ക്രൈം ചെയ്‌തു എന്നുമാണ് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞത്.
അതെ സമയം എമ്പുരാൻ സിനിമ രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നുവെന്നും മതവിദ്വേഷത്തിന് വഴി മരുന്നിടുന്നുവെന്നും സിനിമ പ്രദർശനം നിർത്തിവെക്കണമെന്നും ആവശ്യപ്പെട്ട് കോടതിയിൽ ഹരജി. ബിജെപി തൃശൂർ ജില്ലാ കമ്മിററി അംഗം വിവി വിജീഷാണ് ഹൈക്കോടതിയിൽ ഹരജി നൽകിയത്.