ഇസ്‌ലാമാബാദ്: ജമ്മു കാശ്‌മീരിലെ ഭീകരാക്രമണത്തിൽ ഇന്ത്യ തെളിവ് നൽകണമെന്ന് പാക്കിസ്ഥാൻ ആവശ്യപ്പെട്ടു. ഇന്ത്യയുടെ തീരുമാനം അപക്വമാണെന്നും പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി ഇഷാഖ് ധർ പറഞ്ഞു.
പഹൽഗാം ആക്രണമണത്തിൽ പാക്കിസ്ഥാന്റെ പങ്ക് ആരോപിക്കുന്ന ഇന്ത്യ ഒരു തെളിവും നൽകിയിട്ടില്ല. ബാലിശമായ ആരോപണമാണ് ഇന്ത്യ ഉന്നയിക്കുന്നത്. ഇന്ത്യയുടെ നടപടിയിൽ ഗൗരവമില്ലെന്നും ആരോപിച്ച പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ധർ സിന്ധു നദീജല കരാർ റദ്ദാക്കിയ ഇന്ത്യൻ നടപടിയെയും വിമർശിച്ചു.
ഭീകരാക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ വാഗ-അട്ടാരി അടക്കാനും സിന്ധു നദീജല കരാർ റദ്ദാക്കാനും ഇന്ത്യ തീരുമാനിച്ചു. ബുധനാഴ്ച്ച വൈകുന്നേരം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷാകാര്യ കാബിനറ്റ് യോഗത്തിലാണ് ഈ തീരുമാനം എടുത്തത്.
പാക്കിസ്ഥാൻ പൗരന്മാർക്ക് ഇനി വിസ നൽകില്ലെന്നും അതിർത്തി വഴി ഇന്ത്യയിലെത്തിയ പാക്കിസ്ഥാൻ പൗരന്മാർ മെയ് ഒന്നിനകം മടങ്ങണമെന്നും തീരുമാനം. പാക് ഹൈകമ്മീഷനിലെ പ്രതിരോധ ഉപദേശകർ ഇന്ത്യ പുറത്താക്കുകയും ഒരാഴ്ചക്കകം രാജ്യം വിടാൻ ആവശ്യപ്പെടുകയും ചെയ്‌തു. പാക്കിസ്ഥാനിലും ഇന്ത്യയിലുമുള്ള ഹൈകമ്മീഷനുകളിലെ ഉദ്യോഗസ്ഥരുടെ എണ്ണവും കുറക്കാൻ തീരുമാനിച്ചിട്ടുണ്ട്.