കണ്ണൂർ: ചോദ്യപേപ്പർ ലഭിക്കാത്തതിനെ തുടർന്ന് കണ്ണൂർ സർവകലാശാലയിൽ പരീക്ഷ മുടങ്ങി. സർവകലാശാലയുടെ ഇന്ന് നടക്കേണ്ടിയിരുന്ന ബിരുദ പരീക്ഷയുടെ രണ്ടാം സെമസ്‌റ്റർ പരീക്ഷയാണ് മുടങ്ങിയത്. പരീക്ഷ ഹാളിൽ വിദ്യാർഥികൾ ഒരു മണിക്കൂർ കാത്തിരുന്നിട്ടും ചോദ്യപേപ്പർ ലഭിക്കാതായതോടെ പരീക്ഷ മാറ്റിവെക്കുകയായിരുന്നു. ഇന്ന് മുടങ്ങിയ പരീക്ഷ മെയ് അഞ്ചിന് നടത്തുമെന്ന് അധികൃതർ അറിയിച്ചു.
പരീക്ഷ തുടങ്ങുന്നതിന്റെ അര മണിക്കൂർ മുൻപ് കോളേജുകളിലേക്ക് ഇമെയിൽ വഴി ചോദ്യപേപ്പർ അയക്കുകയും പ്രിന്റ് എടുത്ത് വിദ്യാർഥികൾക്ക് നൽകുകയുമാണ് പതിവ്. എന്നാൽ ഇന്ന് രാവിലെ നടക്കേണ്ടിയിരുന്ന പരീക്ഷയുടെ ചോദ്യപേപ്പർ കോളേജുകളിൽ എത്തിയില്ലായിരുന്നു. സർവകലാശാലയിൽ നിന്നും ഉടൻ എത്തിക്കുമെന്ന മറുപടിയാണ് ആദ്യത്തിൽ ലഭിച്ചത്. ഒരു മണിക്കൂറിന് ശേഷമാണ് പരീക്ഷ മാറ്റിയ വിവരം അറിയിക്കുന്നത്. സാങ്കേതിക തകരാർ മൂലം ചോദ്യപേപ്പർ ബാങ്കിൽ നിന്നും ചോദ്യപേപ്പർ എടുക്കാൻ സാധിച്ചില്ലെന്ന വിവരമാണ് അധികൃതരിൽ നിന്നും ലഭിച്ചത്.
നാല് ദിവസം മുൻപാണ് കണ്ണൂർ സർവകലാശാലയുടെ ചോദ്യപേപ്പർ വാട്സ്ആപ്പിലൂടെ പുറത്തായത്. കാസർകോട് പാലക്കുന്ന് കോളേജിലായിരുന്നു സംഭവം. സർവകലാശാലയുടെ പ്രവർത്തനങ്ങളെ കുറിച്ച് വിമർശങ്ങൾ വരുന്നതിനിടക്കാണ് പുതിയ സംഭവം.