30.4 C
Saudi Arabia
Friday, August 22, 2025
spot_img

മക്കയിലെ ഹോട്ടലുകളിൽ താമസങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി മന്ത്രാലയം

മക്ക: 2025ലെ ഹജ്ജ് കർമ്മത്തോടനുബന്ധിച്ചു മക്കയിലെ ഹോട്ടലുകളിൽ താമസത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തി ആഭ്യന്തര മന്ത്രാലയം. ഏപ്രിൽ 29 ന് ശേഷം ഹജ്ജ് വിസയിലുള്ളവർക്ക് മാത്രമേ താമസ സൗകര്യം നൽകാവൂവെന്ന് ഹോട്ടലുകൾക്ക് ടൂറിസം മന്ത്രാലയവും നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാ ടൂർസ് ആൻഡ് സർവീസ് ഓഫീസുകൾക്കും ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകി.

മക്കയിൽ സ്ഥിര താമസമുള്ളവർ, ഹജ്ജുമായി ബന്ധപെട്ട ജോലിയിൽ ഏർപ്പെടുന്നവർ, ഹജ്ജ് വിസയിലുള്ളവർ, മക്കയിലേക്ക് പ്രവേശിക്കാൻ അനുമതിയുള്ളവർ എന്നിവർക്കല്ലാതെ ഏപ്രിൽ 29 ന് ശേഷം ഹോട്ടലുകളിൽ താമസ സൗകര്യങ്ങൾ നൽകരുതെന്ന് മന്ത്രാലയം നിർദ്ദേശിച്ചു. മറ്റുള്ളവർക്ക് താമസം നൽകുന്നതിൽ നിന്നും റിസർവേഷൻ നല്കുന്നതിൽ നിന്നും ഹോട്ടൽ ഉടമകൾ വിട്ടു നിൽക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

ഹജ്ജ് സീസൺ അവസാനിക്കുന്നത് വരെ നിയന്ത്രണങ്ങൾ തുടരുമെന്നും ലംഘിക്കുന്നവർക്ക് നിയമപരമായ ശിക്ഷകൾ നൽകുമെന്നും ഹജ്ജ് തീർത്ഥാടകർക്ക് ശാന്തമായ അന്തരീക്ഷത്തിൽ കർമ്മങ്ങൾ നിർവഹിക്കാനുള്ള സാഹചര്യം ഉറപ്പാക്കുന്നതിന് വേണ്ടിയാണിതെന്നും മന്ത്രാലയം വ്യക്തമാക്കി.

ഹജ്ജ് സീസൺ സുരക്ഷിതവും വിജയകരവുമായ രീതിയിൽ പൂർത്തിയാക്കുന്നതിന് വിവിധ സർക്കാർ ഏജൻസികളുടെ പ്രവർത്തനങ്ങൾ സഹകരിച്ചും സംയോജിപ്പിച്ചും കൊണ്ടുപോവുന്നതിന് വേണ്ടിയാണ് പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. മക്കയിലെ ഹോസ്‌പിറ്റാലിറ്റി സേവന ദാതാക്കൾ ഹജ്ജ് സീസണിലെ അംഗീകൃത നിയമങ്ങൾ പാലിക്കേണ്ടതിൻറെ അനിവാര്യത മന്ത്രാലയം എടുത്തുപറഞ്ഞു. നിയമ ലംഘനം നടത്തുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നിയമം അനുശാസിക്കുന്ന പിഴകൾ ചുമത്തുമെന്നും മന്ത്രാലയം അറിയിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles