പാലക്കാട്: പാലക്കാട് നഗരസഭയുടെ നൈപുണ്യ വികസന കേന്ദ്രത്തിന് ആർഎസ്എസ് നേതാവ് ഹെഡ്ഗേവാറിൻറെ പേര് നൽകുന്നതുമായി ബന്ധപ്പെട്ട് പാലക്കാട് നഗരസഭയിൽ കൂട്ടത്തല്ല്. പ്രതിപക്ഷ-ബിജെപി കൗൺസിലർമാർ തമ്മിലാണ് ഏറ്റുമുട്ടിയത്. കയ്യാങ്കളിയിൽ നഗരസഭയിലെ മൈക്കുകൾ തകർത്തു. നഗരസഭാ ചെയർ പേഴ്‌സണെ ബിജെപി അംഗങ്ങൾ പുറത്തെത്തിച്ചു മറ്റൊരു മുറിയിലേക്ക് മാറ്റി.
ആദ്യം യുഡിഎഫ് എൽഡിഎഫ് അംഗങ്ങൾ നഗരസഭയിൽ പ്രതിഷേധിക്കുകയായിരുന്നു. കൗൺസിൽ യോഗം തുടങ്ങുന്നതിന് മുൻപായിരുന്നു അംഗങ്ങളുടെ പ്രതിഷേധം. നൈപുണ്യകേന്ദ്രത്തിന് ഹെഡ്ഗേവാറിൻറെ പേര് നൽകുന്നത് അംഗീകരിക്കില്ലെന്ന് പറഞ്ഞായിരുന്നു പ്രതിപക്ഷത്തിൻറെ പ്രതിഷേധം. എന്നാൽ പ്രമേയം പാസാക്കിയെന്നും ഭൂരിപക്ഷം ഉണ്ടെന്നും ചെയർപേഴ്‌സൺ അറിയിച്ചതോടെ പ്രതിഷേധം കടുക്കുകയായിരുന്നു.
നഗരസഭക്ക് പുറത്ത് സിപിഐഎം പ്രവർത്തകരും പ്രതിഷേധം നടത്തിയിരുന്നു. എൽഡിഎഫ്, യുഡിഎഫ് അംഗങ്ങൾ കൗൺസിൽ ഹാളിനകത്ത് പ്ലക്കാർഡ് ഉയർത്തിയായിരുന്നു പ്രതിഷേധിച്ചത്. പ്രതിപക്ഷ അംഗങ്ങൾ ചെയർപേഴ്‌സണെതിരെ കരിങ്കൊടി കാണിച്ചതോടെയാണ് അംഗങ്ങൾ തമ്മിൽ കൂട്ടയടി തുടങ്ങിയത്.