മദീന: പരിശുദ്ധ ഹജ്ജിനെത്തിയ ഇന്ത്യയിലെ ആദ്യ ഹജ്ജ് സംഘത്തിന് മദീനയിൽ ഊഷ്‌മള സ്വീകരണം നൽകി. സൗദി എയർലൈൻസ് വിമാനത്തിൽ ചൊവ്വാഴ്‌ച പുലർച്ചെ 578 ഹാജിമാർ മദീന വിമാനത്താവളത്തിലെ എത്തിയത്. 289 പേർ വീതം രണ്ട് വിമാത്തിലാണ് എത്തിച്ചേർന്നത്.
മദീനയിലെത്തിയ ആദ്യ വിമാനം ഹൈദരാബാദിൽ നിന്നുള്ളതും രണ്ടാമത്തെ വിമാനം ലഖ്നോവിലെ നിന്നുമുള്ളതായിരുന്നു. ഈ വർഷത്തെ തീർത്ഥാടനത്തിന് ആദ്യമെത്തിയത് ഇന്ത്യൻ സംഘമായിരുന്നു. സൗദി ഹജ്ജ് മന്ത്രാലയ പ്രതിനിധികളും ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാനും കോൺസൽ ജനറൽ ഫഹദ് അഹ്‌മദ് ഖാൻ സൂരിയുടെയും നേതൃത്വത്തിൽ ഇന്ത്യൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും ചേർന്നാണ് സ്വീകരണം നൽകിയത്.
മൂന്ന് ഇന്ത്യൻ വിമാനങ്ങൾ ഇന്നലെ ഷെഡ്യൂൾ ചെയ്‌തിരുന്നെങ്കിലും രണ്ട് വിമാനങ്ങളാണ് രാവിലെ എത്തിച്ചേർന്നത്. ബുധനാഴ്‌ച വൈകീട്ട് 7.30 നാണ് മുംബെയിൽ നിന്നുള്ള 442 യാത്രക്കാരുള്ള വിമാനം മദീനയിൽ എത്തിയത്. മദീനയിലെ മർക്കസിയ ഏരിയയിലാണ് ഇവർക്കുള്ള താമസ സൗകര്യം ഇന്ത്യൻ ഹജ്ജ് മിഷൻ ഒരുക്കിയത്. എട്ടു ദിവസത്തെ മദീന സന്ദർശനത്തിന് ശേഷം ഇവർ ഹജ്ജ് കർമത്തിന് മക്കയിലേക്ക് പോകും.