തിരുവവന്തപുരം: വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. എല്ലാവർക്കും എന്‍റെ നമസ്കാരം. ഒരിക്കൽ കൂടി ശ്രീ അനന്തപദ്മനാഭന്‍റെ മണ്ണിലേക്ക് വരാൻ സാധിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ടെന്ന് പറഞ്ഞാണ് പ്രധാനമന്ത്രി ഉൽഘടന പ്രസംഗം ആരംഭിച്ചത്. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിച്ചു. മന്ത്രി വി.എൻ. വാസവൻ സ്വാഗതം പറഞ്ഞു.
കേരളത്തിന്റെ ദീർഘകാലത്തെ സ്വപ്നമാണ് വിഴിഞ്ഞം പദ്ധതിയെന്നും ഏറെ അഭിമാനകരമായ നിമിഷമാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകത്തിലെ ശ്രദ്ധേയമായ തുറമുഖമായി വിഴിഞ്ഞം മാറുമെന്നും പദ്ധതിയുമായി സഹകരിച്ച എല്ലാവര്ക്കും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മന്ത്രി വി.എൻ. വാസവൻ, ശശി തരൂർ എംപി, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി തുടങ്ങിയവർ പങ്കെടുത്തു. വേണ്ട പരിഗണന ലഭിക്കാത്തതിനെ തുടർന്ന് പ്രതിപക്ഷ വേതാവ് വിഡി സതീശൻ ചടങ്ങിൽ നിന്നും വിട്ടു നിന്നിരുന്നു.
വിഴിഞ്ഞം തുറമുഖത്ത് തയ്യാറാക്കിയ പ്രത്യേക വേദിയിലായിരുന്നു ചടങ്ങ്. തുറമുഖം നാടിന് സമർപ്പിക്കുന്നതിന്റെ ഭാഗമായി എംഎസ്സിയുടെ കൂറ്റൻ കപ്പലിനെ പ്രധാനമന്ത്രി സ്വീകരിച്ചു. പാങ്ങോട് മിലിട്ടറി ക്യാംന്പിൽ നിന്നും ഹെലികോപ്റ്റർ വഴിയായിരുന്നു പ്രധാനമന്ത്രി ഉത്ഘാടനത്തിനെത്തിയത്.