തൃശൂർ: വിസ്‌മയങ്ങളുടെ താള, മേള, വാദ്യ, വർണ്ണങ്ങൾ തീർത്ത് തൃശൂർ പൂരത്തിന് ഇന്ന് കോടി മാറ്റം. കണിമംഗലം ശാസ്‌താവ് വടക്കുംനാഥനിലെത്തി. ചെറുപൂരങ്ങൾ ഓരോന്നായി വടക്കുംനാഥ സന്നിധിയിൽ എത്തിക്കൊണ്ടിരിക്കുകയാണ്. പൂര നഗരിയിലേക്ക് ജനങളുടെ ഒഴുക്ക് തുടരുകയാണ്. മഠത്തിൽ വരവ് പഞ്ചവാദ്യം 11 മണിയോടെ ആരംഭിക്കും. ഉച്ചക്ക് രണ്ടു മണിക്കാണ് ഇലഞ്ഞിത്തറ മേളം.
വൈകീട്ട് അഞ്ചരക്കാണ് കുടമാറ്റം. പാറമേക്കാവിന്റെയും തിരുവമ്പാടിയുടെയും വരവിനെയാണ് ആളുകൾ കാത്തിരിക്കുന്നത്. നയന മനോഹരമായ വെടിക്കെട്ട് നാളെ പുലർച്ച മൂന്ന് മണിക്കാണ്. തൃശൂർ പൂരത്തിൻറെ ശ്രദ്ധേയമായ പരിപാടിയും വെടിക്കെട്ട് തന്നെയാണ്.
എറണാകുളം ശിവകുമാർ തെക്കേഗോപുര വാതിൽ തുറന്നതോടടെയാണ് പൂര ചടങ്ങുകൾക്ക് തുടക്കമായത്. ആയിരങ്ങളെ സാക്ഷിയാക്കി നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റിയാണ് വാതിൽ തുറന്നത്. പൂരത്തിന്റെ സുരക്ഷക്കായി 500 സിസിടിവി കാമറകൾ പൂര നഗരിയിൽ പോലീസ് സജ്ജീകരിച്ചിട്ടുണ്ട്.