ന്യൂ ഡൽഹി : പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര ക്യാമ്പുകളിൽ ഇന്ത്യ രാത്രി നടത്തിയ ആക്രമണങ്ങളുടെ വിശദാംശങ്ങൾ പത്രക്കാരോട് വിവരിച്ചത് സായുധ സേനയിലെ രണ്ട് വനിതാ ഓഫീസർമാർ. ഇന്ത്യയുടെ ഉന്നതതല പ്രതിരോധ പ്രവർത്തനങ്ങളിൽ സ്ത്രീകൾ വഹിക്കുന്ന നിർണായക പങ്കാണ് അവരുടെ സാന്നിധ്യം തെളിയിക്കുന്നത്.
25 ഇന്ത്യൻ പൗരന്മാരും ഒരു നേപ്പാളി പൗരനും ഉൾപ്പെടെ 26 സാധാരണക്കാരുടെ ജീവൻ അപഹരിച്ച പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിനെ കുറിച്ച് വിവരിക്കാൻ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി നടത്തിയ പത്രസമ്മേളനത്തിന് ശേഷം, ആക്രമണത്തിന്റെ വിശദമായ റിപ്പോർട്ടുകൾ നൽകിയത് വനിതാ ഓഫീസർമാരായ കേണൽ സോഫിയ ഖുറേഷി, കമാൻഡർ വ്യോമിക സിങ് എന്നിവരാണ്.
ഗുജറാത്ത് സ്വദേശിയായ കേണൽ സോഫിയ ഖുറേഷി ശക്തമായ സൈനിക പശ്ചാത്തലമുള്ള കുടുംബത്തിൽ നിന്നുള്ള ഇന്ത്യൻ ആർമി കോർപ്സ് ഓഫ് സിഗ്നൽസ് ഓഫീസറാണ്. 35-ാം വയസ്സിൽ, ഒരു ബഹുരാഷ്ട്ര സൈനികാഭ്യാസത്തിൽ സൈനിക സംഘത്തെ നയിക്കുന്ന ആദ്യ വനിതാ ഓഫീസർ എന്നതുൾപ്പെടെ നിരവധി നാഴികക്കല്ലുകൾ അവർ നേടിയിട്ടുണ്ട്. 1990-ൽ കമ്മീഷൻ ചെയ്യപ്പെട്ട കേണൽ സോഫിയ, 2016-ൽ ഇന്ത്യ ആതിഥേയത്വം വഹിച്ച ഏറ്റവും വലിയ വിദേശ സൈനികാഭ്യാസമായ എക്സർസൈസ് ഫോഴ്‌സ് 18-ന് നേതൃത്വം നൽകി. പീസ് കീപ്പിംഗ് ഓപ്പറേഷൻസ് (പികെഒ) ഉം ഹ്യൂമാനിറ്റേറിയൻ മൈൻ ആക്ഷനും ഉൾപ്പെടെ നിരവധി പരിശീലന വിഭാഗങ്ങളിൽ ടീമിനെ നയിച്ചിട്ടുണ്ട്.
സൈനിക പശ്ചാത്തലമായൊന്നുമില്ലാത്ത കുടുംബത്തിൽ നിന്ന് സായുധ സേനയിൽ ചേർന്ന കമാൻഡർ വ്യോമിക സിങ് ഇന്ത്യൻ വ്യോമസേനയിൽ ഹെലികോപ്റ്റർ പൈലറ്റായാണ് രംഗപ്രവേശം ചെയ്‌തത് . 2,500-ലധികം പറക്കൽ മണിക്കൂറുകൾ പറത്തിയിയിട്ടുള്ള കമാൻഡർ വ്യോമിക ജമ്മു കശ്മീർ, വടക്കുകിഴക്കൻ മേഖല എന്നിവയുൾപ്പെടെ ഏറ്റവും കഠിനമായ ഭൂപ്രദേശങ്ങളിൽ ചേതക്, ചീറ്റ തുടങ്ങിയ ഹെലികോപ്റ്ററുകൾ പ്രവർത്തിപ്പിച്ചിട്ടുണ്ട്.
നിരവധി രക്ഷാപ്രവർത്തനങ്ങളിൽ അവർ പ്രധാന പങ്കുവഹിച്ചു. 2020 നവംബറിൽ അരുണാചൽ പ്രദേശിൽ ഉയർന്ന ഉയരത്തിലും, ദുഷ്‌കരമായ കാലാവസ്ഥയിലും, ജീവൻ രക്ഷിക്കുന്നതിന് വ്യോമസഹായം നിർണായകമായ വിദൂര സ്ഥലങ്ങളിലും കമാൻഡർ വ്യോമിക യുടെ നേത്യത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ നടന്നത്.