കോഴിക്കോട്: ഭീകരതക്കെതിരെയുള്ള ഇന്ത്യയുടെ പോരാട്ടം രാജ്യത്തിൻറെ ശക്തിയും കരുത്തും വിളിച്ചറിയിക്കുന്നതാണെന്ന് കാന്തപുരം. മനുഷ്യത്വത്തോടൊപ്പം നിലകൊള്ളുക എന്ന രാജ്യത്തിൻറെ എക്കാലത്തെയും കടമയും കടപ്പാടും ബോധ്യപ്പെടുത്തുന്നത് കൂടിയാണിതെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു.
കാശ്‌മീർ ഉൾപ്പടെ സൗത്ത് ഏഷ്യയിൽ അശാന്തി പരത്തുന്ന ഭീകരവാദ പ്രവർത്തങ്ങൾക്ക് അറുതി വരുത്താൻ ഇന്ത്യയുടെ നീക്കം പ്രേരകമാകും. നയതന്ത്രപരമായ നിലപാടുകളിലൂടെയും നടപടികളിലൂടെയും ഭീകരതക്കെതിരെയുള്ള പോരാട്ടങ്ങളെ കൂടുതൽ വിപുലവും ഫലപ്രദവുമാക്കാൻ ഇന്ത്യക്ക് സാധിക്കട്ടെ എന്ന് ഗ്രാൻഡ് മുഫ്‌തി പറഞ്ഞു. ഇന്ത്യയുടെ ഈ പരിശ്രമങ്ങളെ പിന്തുണക്കാൻ മനുഷ്യത്വത്തിൽ വിശ്വസിക്കുന്ന എല്ലാവർക്കും ബാധ്യതയുണ്ട്. പൗരന്മാർ എന്ന നിലയിൽ ഇന്ത്യയുടെ സുരക്ഷക്കും ഐക്യത്തിനും അഖണ്ഡതക്കുമായി എല്ലാവർക്കും ഒരുമിച്ച് പ്രവർത്തിക്കാമെന്നും കാന്തപുരം അബൂബക്കർ മുസ്‌ലിയാർ ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചു.