ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ ഉത്തരകാശിക്ക് സമീപം ഇന്ന് രാവിലെയുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ അഞ്ചു വിനോദസഞ്ചാരികൾ മരിച്ചു. ഏഴ് പേരായിരുന്നു തകർന്ന ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഒരാൾ രക്ഷപെട്ടതായും ബാക്കിയുള്ള മറ്റൊരാളെ കുറിച്ച് വ്യക്തമായ അറിവില്ലെന്നും ഉത്തരാഖണ്ഡ് ജില്ലാ ദുരന്ത നിവാരണ ഓഫീസർ ഷാർദുൽ സിംഗ് പറഞ്ഞു.
ഉത്തർകാശിയിലെ ഗംഗാനിക്ക് സമീപം ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ ചിലർ മരിച്ചതായി വളരെ ദുഃഖകരമായ വാർത്ത ലഭിച്ചു. ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾക്കായി എസ് ഡി ആർ എഫും ജില്ലാ ഭരണകൂട സംഘങ്ങളും ഉടനെ തന്നെ സ്ഥലത്തെത്തിയിട്ടുണ്ടന്നും സംഭവത്തെക്കുറിച്ച് പ്രതികരിച്ച ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു
പരിക്കേറ്റവർക്ക് സാധ്യമായ എല്ലാ സഹായവും നൽകാനും അപകടത്തെക്കുറിച്ച് അന്വേഷിക്കാനും ഭരണകൂടത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ നിരന്തരം ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുന്നുണ്ടെന്നും എല്ലാ സാഹചര്യങ്ങളും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു,