ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പ്രതികാരമായി നടത്തിയ ഒപ്പേറഷൻ സിന്ദൂർ നെ തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായ അവസ്ഥയിൽ സൗദി അറേബ്യയുടെ വിദേശകാര്യ സഹമന്ത്രി ആദേൽ അൽ-ജുബൈർ വ്യാഴാഴ്ച ന്യൂഡൽഹിയിലെത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തിയത് ശ്രദ്ധേയമായി. ഭീകരതയെ ശക്തമായി നേരിടുന്നതിനെക്കുറിച്ചുള്ള ഇന്ത്യയുടെ കാഴ്ചപ്പാട് പങ്കുവെച്ചതായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായി എക്‌സിൽ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ പങ്കുവെച്ചു.
സൗദി അറേബ്യയുടെ വിദേശകാര്യ സഹമന്ത്രിയുമായി ഇന്ന് രാവിലെ ഒരു നല്ല കൂടിക്കാഴ്ച. ഭീകരതയെ ശക്തമായി നേരിടുന്നതിനെക്കുറിച്ചുള്ള ഇന്ത്യയുടെ കാഴ്ചപ്പാടുകൾ പങ്കുവെച്ചു,” എന്നാണ് ആദേൽ അൽ-ജുബൈറിനെ ടാഗ് ചെയ്ത് ജയ്ശങ്കർ എക്‌സിൽ പോസ്റ്റ് ചെയ്തത്.
ഉഭയകക്ഷി സംയുക്ത കമ്മീഷന്റെ യോഗത്തിൽ സഹ-അധ്യക്ഷത വഹിക്കാൻ നേരത്തെ നിശ്ചയിച്ചിരുന്ന സന്ദർശനത്തിനായി എത്തിയ ഇറാൻ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരഗ്ചിമായി കൂടിക്കാഴ്ച്ച നടത്തിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് മന്ത്രി എസ് ജയ്ശങ്കറിന്റെ സൗദി മന്ത്രിയുമായുള്ള കൂടിക്കാഴ്ച്ച നടന്നത്.
സ്പെയിൻ, ഫ്രാൻസ്, ജർമ്മനി, ജപ്പാൻ, ഖത്തർ എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ജയ്ശങ്കർ ചർച്ച നടത്തി. അതിർത്തി കടന്നുള്ള ഭീകരതയോടുള്ള ഇന്ത്യയുടെ സമീപനത്തെ അദ്ദേഹം ഊന്നിപ്പറയുകയും അവരുടെ ഐക്യദാർഢ്യത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുകയും ചെയ്തു.