ന്യൂഡൽഹി: കെപിസിസി പ്രസിഡൻറ് സ്ഥാനത്തുനിന്നും കെ സുധാകരനെ നീക്കി. പെരുമ്പാവൂർ എംഎൽഎ സണ്ണി ജോസഫാണ് പുതിയ പ്രസിഡൻറ്. അടൂർ പ്രകാശിനെ യുഡിഎഫ് ചെയർമാനായും കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ കാർഗെ പ്രഖ്യാപിച്ചു. കെ സുധാകരൻ കോൺഗ്രസ് പ്രവർത്തക സമിതി സ്ഥിരം ക്ഷണിതാവാകും.
പിസി വിഷ്‌ണുനാഥ്, ഷാഫി പറമ്പിൽ, എപി അനിൽകുമാർ, എന്നിവരെ പുതിയ വർക്കിങ് പ്രസിഡന്റുമാരായി നിയമിച്ചു. എംഎം ഹസ്സൻ, കൊടിക്കുന്നിൽ സുരേഷ്, ടിഎൻ പ്രതാപൻ, ടി സിദ്ധീഖ് എന്നവരെ പദവിയിൽ നിന്നും ഒഴിവാക്കി.
പുതിയ വർക്കിങ് പ്രസിഡൻറ് പിസി വിഷ്‌ണുനാഥിനെ എഐസിസി പദവികളിൽ നിന്നും നീക്കി. ബീഹാർ മുൻ പിസിസി അധ്യക്ഷൻ ഡോ. അഖിലേഷ് പ്രസാദ് സിങ്ങും പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവാകുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു.