അമൃതസർ: പഞ്ചാബിലെ അമൃതസറിൽ വ്യാജ മദ്യം കഴിച്ചു 15 പേർ മരിച്ചു. ആറു പേരുടെ നില ഗുരതരമാണ്, നിരവധി പേർക്ക് പരിക്കുണ്ട്. മജിതയിലെ മതായ്, ബഗ്ലി ഗ്രാമങ്ങളിലാണ് ദുരന്തമുണ്ടായത്. മദ്യം കഴിച്ചവർക്ക് ഇന്നലെ രാത്രിയോടെയാണ് അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ചികിത്സ തേടി നിരവധി പേരാണ് വിവിധ ആശുപത്രികളിൽ എത്തിയത്.
വ്യാജ മദ്യത്തിൻറെ പ്രധാന വിതരണക്കാരനായ പ്രതീപ് സിംഗിനെ അറസ്റ്റ് ചെയ്‌തതായി അമൃതസർ എ എസ്‌പി മനീന്ദർ സിംഗ് അറിയിച്ചു. തിങ്കളാഴ്‌ച രാത്രിയോടെയാണ് മദ്യം കഴിച്ചതിനെ തുടർന്ന് ആളുകൾ മരണപ്പെടുന്നതായി വിവരം ലഭിച്ചതെന്ന് എഎസ്‌പി പറഞ്ഞു. ഉടൻ നടപടി സ്വീകരിക്കുകയും നാലു പേരെ കസ്റ്റഡിയിലെടുത്തതായും അദ്ദേഹം അറിയിച്ചു.
അപകടം റിപ്പോർട്ട് ചെയ്‌തയുടനെ ഗ്രാമങ്ങളിലേക്ക് മെഡിക്കൽ സംഘത്തെ അയച്ചതായി ഡെപ്യൂട്ടി കമ്മീഷണർ സാക്ഷി സാഹ്‌നി പറഞ്ഞു. വീടുകൾ തോറും സന്ദർശിക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്‌തു. ആവശ്യമായ ചികിത്സ നൽകുകയും ലക്ഷണങ്ങളുള്ള ആളുകളെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തു. സാധ്യമായ എല്ലാ സഹായങ്ങളും സർക്കാർ ചെയ്യും. മദ്യ വിതരണക്കാരെ അറസ്റ്റ് ചെയ്‌തിട്ടുണ്ടെന്നും കേസിൽ അന്വേഷണം തുടരുകയാണെന്നും ഡെപ്യൂട്ടി കമ്മീഷണർ സാക്ഷി സാഹ്‌നി വ്യക്തമാക്കി.