ആലപ്പുഴ: തെരഞ്ഞെടുപ്പുകളിൽ സിപിഎം സ്ഥാനാർഥിക്ക് വേണ്ടി തപാൽ വോട്ടുകൾ പൊട്ടിച്ചു തിരുത്തിയിട്ടുണ്ടെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരൻ. ഇത് സംബന്ധിച്ചു തെരെഞ്ഞെടുപ്പ് കമ്മീഷൻ തനിക്കെതിരെ ഇനി കേസെടുത്താലും കുഴപ്പമില്ലെന്ന് അദ്ദേഹം പറഞ്ഞു.
എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളന ഭാഗമായുള്ള പൊതു ചടങ്ങിലാണ് സുധാകരൻ വെളിപ്പെടുത്തൽ നടത്തിയത്. താനുൾപ്പടെയുള്ളവർ ചേർന്ന് 36 വർഷം മുൻപ് നടത്തിയ തെരെഞ്ഞെടുപ്പ് കൃത്രിമമാണ് അദ്ദേഹം തുറന്ന് പറഞ്ഞത്. കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തനെതിരെ മത്സരിച്ചിരുന്ന കെവി ദേവദാസിന് വേണ്ടിയായിരുന്നു കൃത്രിമം കാണിച്ചത്. സിപിഎം സർവീസ് സംഘടനയായ കെഎസ്ടിഎ യുടെ നേതാവായിരുന്നു ദേവദാസ്. അന്നത്തെ സിപിഎം തെരെഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായിരുന്നു താനെന്നും സുധാകരൻ പറഞ്ഞു.
ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫിസിൽ വെച്ച് ഞാനുൾപ്പടെയുള്ളവർ ചേർന്ന് പോസ്റ്റൽ വോട്ടുകൾ പൊട്ടിച്ചു തിരുത്തിയിട്ടുണ്ട്. അന്ന് സിപിഎം സർവീസ് സംഘടനകളിലെ അംഗങ്ങളുടെ 15 ശതമാനം വോട്ടുകൾ ദേവദാസിന് എതിരായിരുന്നുവെന്നും സുധാകരൻ പറഞ്ഞു.
1989ൽ കാൽ ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരുപക്ഷത്തിനായിരുന്നു വക്കം പുരുഷോത്തമൻ ജയിച്ചിരുന്നത്.