മലപ്പുറം: കാളികാവിൽ യുവാവിനെ കടുവ കടിച്ചുകൊന്ന സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ. കടുവയെ വെടി വെച്ച് കൊല്ലുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാരുടെ പ്രതിഷേധം.
വന്യജീവി ആക്രമണം തുടർക്കഥയായ സാഹചര്യത്തിലാണ് ഇത്തരം ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തിയത്. പ്രദേശത്ത് കടുവയുടെയും പുലിയുടെയും സന്നിധ്യമുണ്ടെന്നും വളർത്തു മൃഗങ്ങളെ ഉൾപ്പടെ കൊന്നിട്ടുണ്ടെന്നും പലതവണ വിവരം അറിയിച്ചിട്ടും പുലിയെ പിടികൂടാൻ നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
സംഭവസ്ഥലത്തെത്തിയ വണ്ടൂർ എംഎൽഎ എപി അനിൽകുമാറിനെതിരെയും നാട്ടുകാർ പ്രതിഷേധിച്ചു. പാലക്കാട് നിന്നും വയനാട്ടിൽ നിന്നും മയക്കുവെടി സംഘം പുറപ്പെട്ടിട്ടുണ്ടെന്ന് എംഎൽഎ അറിയിച്ചു. മൂന്നു മാസം മുൻപ് നിയമസഭയിൽ വിഷയം സംസാരിച്ചിട്ടുണ്ടെന്നും സർക്കാരിന്റെ ശ്രദ്ധക്കുറവാണ് കാരണമെന്നും എംഎൽഎ അറിയിച്ചു.
കാളികാവ് അടക്കാകുണ്ടിൽ ഇന്ന് രാവിലെയാണ് കടുവയുടെ ആക്രമണമുണ്ടായത്. ടാപ്പിംഗ് ജോലിക്ക് പോയ ചോക്കാട് കല്ലാമൂല സ്വദേശി അബ്ദുൽ ഗഫൂറാണ് കൊല്ലപ്പെട്ടത്. റാവുത്തർ ഭാഗത്ത് ടാപ്പിംഗ് നടത്തുന്നതിനിടെ കടുവ കടിച്ചു വലിച്ചു കൊണ്ടുപോവുന്നത് കണ്ട സമദാണ് വിവരം അറിയിച്ചിരുന്നത്.