പാലക്കാട്: ജാതി ഭീകരത വെറും കോമഡിയാണെന്നും ഇനിയും അമ്പലങ്ങളിൽ പാടുമെന്നും വേടൻ. ആർഎസ്എസ് നേതാവ് എൻആർ മധു നടത്തിയ വിദ്വേഷ പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു റാപ്പർ വേടൻ. താനെടുക്കുന്ന പണി പലരെയും വ്യക്തിപരമായി ബാധിച്ചിട്ടുണ്ടെന്നും അമ്പലങ്ങളിൽ പാടാൻ തനിക്ക് ഇനിയും അവസരം കിട്ടുമെന്നും വേടൻ മാധ്യങ്ങളോട് പ്രതികരിച്ചു.
താൻ വിശ്വസിക്കുന്നത് അംബേദ്‌കർ രാഷ്ട്രീയത്തിലാണ്. ആർഎസ്എസ് നേതാവിന് അഭിപ്രായം പറയാം. മുൻപും ഇത്തരത്തിലുള്ള പരാമർശങ്ങൾ ഞാൻ കേട്ടിട്ടുണ്ട്. ജാതി രാഷ്ട്രീയമാണ്, ജാതി വിഭാഗീയതാണ് എന്നടക്കം ചിലർ പറയുന്നുണ്ട്. അതെല്ലാം വെറും കോമഡിയായി മാത്രമേ കാണാൻ സാധിക്കുകയുള്ളൂവെന്നും വേടൻ പറഞ്ഞു. വിവാദങ്ങൾ തൻറെ കരിയറിനെ ബാധിച്ചിട്ടുണ്ട്. ഈ സമയവും കടന്നുപോകുമെന്ന് വേടൻ കൂട്ടിച്ചേർത്തു.
വേടൻറെ പാട്ടുകൾ ഭീകരവാദം പ്രചരിപ്പിക്കുന്നുവെന്നായിരുന്നു കേസരി മുഖ്യപത്രാധിപർ ഡോ. ആർഎൻ മധു പറഞ്ഞത്. വേടൻറെ പിന്നിൽരാജ്യത്തിൻറെ വിഘടന വാദികൾ ആണെന്നും വളർന്നു വരുന്ന യുവ തലമുറയുടെ മനസ്സിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമായി അരങ്ങ് വാഴുകയാണെന്നും മധു പറഞ്ഞിരുന്നു.
വേടൻറെ പിന്നിൽ ശക്തമായ സ്പോൺസർ ശക്തികളുണ്ട്. രാജ്യത്തിൻറെ വിഘടനം സ്വപ്‌നം കണ്ട് കണ്ട് കഴിയുന്ന തമോമയ ശക്തികൾ അയാളുടെ പിന്നിലുണ്ടെന്ന് കൃത്യമായി മനസിലാക്കാം. അത്തരം കലാഭാസങ്ങളെ നാലമ്പലങ്ങളിൽ കടന്നു വരുന്നത് ചെറുത്ത് തോല്പിക്കണം. അമ്പലങ്ങളിൽ ആളുകൂടാൻ വേടൻറെ പാട്ട് വെക്കുന്നവർ അമ്പലങ്ങളിൽ കാബറെയും വെക്കുമെന്നും മധു പറഞ്ഞിരുന്നു.