റിയാദ്: തീർത്ഥാടകരുടെ സൗകര്യവും സുരക്ഷയും ഉറപ്പ് വരുത്തുന്നതിനും അവരുടെ കർമ്മങ്ങൾ എളുപ്പത്തിൽ നിർവഹിക്കാൻ സഹായിക്കുന്നതിനുമായി രൂപം നൽകിയ ഹജ്ജ് ചട്ടങ്ങളും നിർദ്ദേശങ്ങളും പാലിക്കാൻ മന്ത്രാലയം എല്ലാവരോടും ആവശ്യപ്പെട്ടു. ഹജ്ജ് നിയന്ത്രണങ്ങളും നിയമങ്ങളും ലംഘിക്കുന്നവർക്കെതിരെ ശക്തമായ മുന്നറിയിപ്പും ആഭ്യന്തര മന്ത്രാലയം നൽകിയിട്ടുണ്ട്.
ദുൽഖഅദ് ഒന്ന് മുതൽ ദുൽ ഹിജ്ജ 14 അവസാനം വരെ മക്കയിലേക്കോ പുണ്യസ്ഥലങ്ങളിലേക്കോ സന്ദർശന വിസയിലുള്ളവരെ കൊണ്ടുപോകുകയോ കൊണ്ടുപോകാൻ ശ്രമിക്കുകയോ ചെയ്യുന്ന ഏതൊരാൾക്കും ഒരു ലക്ഷം സൗദി റിയാൽ വരെ സാമ്പത്തിക പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൂടാതെ, ഏതെങ്കിലും തരത്തിലുള്ള സന്ദർശനവിസയിലുള്ളവരെ കൊണ്ടുപോകാൻ ഉപയോഗിച്ചതായി തെളിയിക്കപ്പെട്ട എല്ലാ വാഹനങ്ങളും കണ്ടുകെട്ടും.
ഹജ്ജ് ചട്ടങ്ങൾ ലംഘിച്ച് വ്യക്തികളെ കൊണ്ടുപോകുകയോ കൊണ്ടുപോകാൻ ശ്രമിക്കുകയോ ചെയ്യുന്നവരെ കുറിച്ച് അറിയുന്നവർ റിപ്പോർട്ട് ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. മക്ക, മദീന, റിയാദ്, കിഴക്കൻ മേഖല എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിൽ 999 എന്ന നമ്പറിലുമാണ് വിളിച്ചറിയിക്കേണ്ടത്.