ജുബൈൽ: സ്‌റ്റെപ് ജുബൈലിൽ നടത്തിയ വഖഫ് സംരക്ഷണ സെമിനാർ ശ്രദ്ധേയമായി. ഇസ്‌ലാമിലെ വഖഫ് മഹത്തായ കർമ്മമാണെന്നും നൂറ്റാണ്ടുകളായി ലോക മുസ്‌ലിംകൾ സൃഷ്ടാവിൽ നിന്നുള്ള പ്രീതി ആഗ്രഹിച്ചു സമ്പത്തിന്റെ വിഹിതം വഖഫ് ചെയ്യാറുണ്ടെന്നും ഏറെ മാതൃകാപരമായ പ്രവൃത്തിയാണിതെന്നും സെമിനാർ അഭിപ്രയപെട്ടു.
സാമൂഹിക ചിന്തകളെ പ്രോത്സാഹിപ്പിക്കുന്നതിന് ജുബൈൽ ഇസ്‌ലാഹി സെന്റർ രൂപം നൽകിയ സ്റ്റെപ് സംഘടിപ്പിച്ച വഖഫ് സംരക്ഷണ സെമിനാറിൽ ജുബൈൽ ദഅവ സെന്റർ പ്രബോധകൻ ഇബ്രാഹിം അൽ ഹികമി, ജുബൈൽ ഇൻഡസ്ട്രിയൽ കോളേജ് ഫാക്കൽറ്റി അർഷാദ് ബിൻ ഹംസ എന്നിവർ പ്രബന്ധം അവതരിപ്പിച്ചു.
പരിപാവനമായ വഖഫ് എന്ന സാങ്കേതിക പദം ഏറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടെന്നും വകഫിന്റെ കൃത്യമായ ചിത്രം അടിസ്ഥാന പ്രമാണങ്ങളിൽ നിന്നും ഇസ്‌ലാമിക ചരിത്രത്തിൽ നിന്നും സമകാലിക സമൂഹത്തിന് പകർന്ന് നൽകൽ വിശ്വാസിയുടെ ബാധ്യതയാണെന്നും സെമിനാർ ആഹ്വാനം ചെയ്‌തു. വഖഫ് ഭേദഗതി ആക്ടിലെ മിക്ക നിർദ്ദേശങ്ങളും ഭരണഘടനാ വിരുദ്ധവും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ ഹിനക്കുന്നതും ശക്തമായി എതിർക്കപ്പെടേണ്ടതാണെന്നും വസ്‌തുതകൾ നിരത്തി സെമിനാരർ സമർത്ഥിച്ചു.
ജുബൈലിലെ സാമൂഹിക പ്രവർത്തകരായ അബ്‌ദുസ്സലാം ആലപ്പുഴ (കെഎംസിസി), റിയാസ് (ഒഐസിസി), ഡോ. ജൗഷീദ് (തനിമ), ശിഹാബ് (തബ്‌ലീഗ്) എന്നിവർ ആശംസകൾ നേർന്നു. സ്‌റ്റെപ് പ്രതിനിധി ഷിയാസ് റഷീദ് മോഡറേറ്ററായിരുന്നു. ജുബൈൽ ഇസ്‌ലാഹീ യൂത്ത് പ്രതിനിധി മുഹമ്മദ് നിയാദ് ആമുഖ ഭാഷണവും ജുബൈൽ ഇസ്‌ലാഹീ സെന്റർ പ്രബോധകൻ സുബുഹാൻ സ്വലാഹി സമാപന പ്രസംഗവും നിർവഹിച്ചു.