കണ്ണൂർ: മകളെ അതി ക്രൂരമായി മർദ്ദിച്ച പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂർ ചെറുപുഴ പ്രാപ്പൊയിലാണ് സംഭവം. ജില്ലാ പോലീസ് മേധാവി അനൂജ് പലിവാൾ ഐപിഎസിൻറെ നിർദ്ദേശപ്രകാരം കാസർഗോഡ് ചിറ്റാരിക്കാൽ സ്വദേശി ജോസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ജോസ് മകളെ അതി ക്രൂരമായി മർദ്ദിക്കുന്ന ചിത്രങ്ങൾ നേരത്തെ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നെങ്കിലും പോലീസ് കേസെടുക്കാൻ തയ്യാറായിരുന്നില്ല പോലീസ് മേധാവിയുടെ ശക്തമായ ഇടപെടൽ കാരണമാണ് പോലീസ് കേസെടുത്തു പ്രതിയെ കസ്റ്റഡിയിലെടുത്തത്.
മകളെ പിതാവ് അതി ക്രൂരമായി മർദ്ദിക്കുന്നതിന്റെയും അരിവാൾ കൊണ്ട് വെട്ടാനോങ്ങുന്നതിന്റെയും വീഡിയോ ശ്രദ്ധയിൽ പെട്ടിട്ടും കേസെടുക്കാത്ത പോലീസ് നടപടിക്കെതിരെ വിമർശനം ഉയർന്നിരുന്നു. കുട്ടിയുടെ വീട്ടിലേക്ക് അടിയന്തിരമായി എത്താൻ ബാലാവകാശ കമ്മീഷൻ ചെയർ പേഴ്‌സൺ നിർദ്ദേശം നൽകി. പോലീസിൽ നിന്നും ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. കണ്ണൂർ ചെറുപുഴയിൽ വാടക വീട്ടിൽ താമസിച്ചു വരികയാണ് ജോസും കുടുംബവും..
വീട്ടിൽ നിന്നും മാറി താമസിക്കുന്ന അമ്മയെ തിരികെ കൊണ്ട് വരാനുള്ള പ്രാങ്ക് വീഡിയോ ആണിതെന്നായിരുന്നു ജോസിന്റെ വിശദീകരണം. ഇത് വിശ്വസിച്ചാണ് പോലീസ് നടപടി വൈകിച്ചത് എന്നറിയുന്നു. ഇത് പ്രാങ്ക് അല്ല, കുട്ടിക്ക് നേരെ നടന്ന ക്രൂരത തന്നെയാണെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.