കോഴിക്കോട്: വൈദ്യുതി തൂണുകൾ തോട്ടിലേക്ക് ഒടിഞ്ഞുവീണ് മീൻ പിടിക്കുകയായിരുന്ന സഹോദരങ്ങൾ ഷോക്കേറ്റു മരിച്ചു. കോഴിക്കോട് കൊടഞ്ചേരിയിലാണ് ദാരുണ സംഭവം നടന്നത്. കോടഞ്ചേരി ചന്ദ്രൻകുന്നേൽ ബിജു-ഷീബ ദമ്പതികളുടെ മക്കളായ നിധിൻ(14), എബിൻ (10) എന്നിവരാണ് മരിച്ചത്.
ഞായറാഴ്‌ച വൈകുന്നരം ആറരയോടെയായിരുന്നു അപകടം നടന്നത്. വീടിനടുത്തുള്ള തോട്ടിൽ മീൻ പിടിക്കാനിറങ്ങിയതായിരുന്നു സഹോദരങ്ങൾ. തോട്ടിലേക്ക് മറിഞ്ഞു വീണ വൈദ്യുതതൂണിൽ നിന്നും ഷോക്കേറ്റായിരുന്നു കുട്ടികൾക്ക് അപകടം സംഭവിച്ചത്.
തോട്ടിന് സമീപമുണ്ടായിരുന്ന തേക്കിന്റെ കൊമ്പ് പൊട്ടി വൈദ്യുതി ലൈനിലേക്ക് വീണതിനെ തുടർന്ന് വൈദ്യുതി തൂൺ തോട്ടിലേക്ക് വീഴുകയായിരുന്നു. അപകടം നടന്ന ഉടനെ രണ്ടു പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഫയർ ഫോയ്‌സും പോലീസും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.