മലപ്പുറം: നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർഥിയായി ആര്യാടൻ ഷൗക്കത്തിനെ മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനം. ഡിസിസി പ്രസിഡൻറ് ജോയിയെ സ്ഥാനാർഥിയാക്കണമെന്ന അൻവറിന്റെ ആവശ്യം തള്ളിയാണ് ഈ തീരുമാനം. നിലമ്പൂരിൽ വിജയ സാധ്യതയുണ്ടെന്നും അൻവറിന്റെ സമ്മർദത്തിന് വഴങ്ങേണ്ടതില്ലെന്നുമാണ് കോൺഗ്രസ് തീരുമാനം.
അതേസമയം ആര്യാടൻ ഷൗക്കത്തിൻറെ സ്ഥാനാർഥിത്വവുമായി മുന്നോട്ടു പോവുകയാണെങ്കിൽ നിലമ്പൂരിൽ വീണ്ടും മത്സരിക്കാൻ അൻവർ തെയ്യാറെടുക്കുന്നതായും അറിയുന്നു. തൃണമൂൽ ദേശീയ നേതൃത്വത്തിൽ നിന്നും അൻവർ സമ്മതം വാങ്ങിയിട്ടുമുണ്ട്. തെരെഞ്ഞെടുപ്പിൽ മത്സരിക്കണമോ വേണ്ടയോ എന്ന് അൻവറിന് തീരുമാനിക്കാമെന്നാണ് ദേശീയ നേതൃത്വത്തിൻറെ നിലപാട്.
നിലമ്പൂർ മണ്ഡലത്തിൽ ആര്യാടന്റെ കുത്തക അവസാനിപ്പിച്ചാണ് 2016ൽ ഇടത് സ്വതന്ത്ര സ്ഥാനാർഥിയായി അൻവർ മത്സരിക്കുന്നതും വിജയിക്കുന്നതും. പിണറായിസത്തെ പരാജയപ്പെടുത്താൻ യുഡിഎഫിന് പൂർണ പിന്തുണ നൽകിയിരുന്ന അൻവർ ജയസാധ്യതക്ക് ജോയി തന്നെ മത്സരിക്കണം എന്ന അഭിപ്രായത്തിലേക്ക് വരികയായിരുന്നു.