മലപ്പുറം: നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണത്തിന് തുടക്കം. പിതാവ് ആര്യാടൻ മുഹമ്മദിന്റെ ഖബറിടം സന്ദർശിച്ചാണ് യുഡിഎഫ് സ്ഥാനാർഥി പ്രചാരണത്തിന് തുടക്കം കുറിച്ചത്. ഖബറിടത്തിൽ പൊട്ടിക്കരഞ്ഞ ഷൗക്കത്ത്, തന്റെ ശക്തിയും ദൗർബല്യവും പിതാവാണെന്നു പറഞ്ഞു.ഡിസിസി പ്രസിഡൻറ് വിഎസ് ജോയി ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഷൗക്കത്തിനൊപ്പം ഉണ്ടായിരുന്നു.
തൻറെ പിതാവിനെയും വിവി പ്രകാശിൻറെയും അഭിലാഷങ്ങൾ പൂർത്തീകരിക്കുക എന്നതാണ് തന്റെ ലക്ഷ്യം. നഷ്ടപെട്ട നിലമ്പൂരിനെ തിരിച്ചു പിടിക്കുക എന്നത് മാത്രമാണ് ഇനി തന്റെ മുൻപിലുള്ളതെന്നും ഷൗക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു. പിതാവിനോട് സമ്മതം വാങ്ങി ഇറങ്ങണം എന്നത് കൊണ്ടാണ് ഇവിടെ എത്തിയത്. നിലമ്പൂരിൽ യുഡിഎഫ് ഒറ്റകെട്ടായി നിന്ന് തെരഞ്ഞെടുപ്പിന് നേരിടും. താനാണെങ്കിലും വിഎസ് ജോയി ആണെങ്കിലും മൽസരിക്കാൻ യോഗ്യതയുള്ളവരാണ്. പക്ഷെ ഒരാൾക്കേ മത്സരിക്കാൻ കഴിയുകയുള്ളൂ. യോഗ്യത ഉള്ളത് കൊണ്ടല്ല തന്നെ തെരെഞ്ഞെടുത്തത്. ചില ഘടകങ്ങൾ പരിഗണിച്ചുകൊണ്ടാണ് തന്നെ തെരെഞ്ഞെടുത്തത്. ആ തീരുമാനം അംഗീകരിക്കാൻ ഞാൻ ബാധ്യസ്ഥനാണ്.
പാണക്കാടെത്തി സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുമായും ജനറൽ സെക്രട്ടറി പികെ കുഞ്ഞാലികുട്ടിയുമായും ആര്യാടൻ ഷൗക്കത്ത് കൂടിക്കാഴ്ച്ച നടത്തും. ശേഷം മണ്ഡലത്തിലെ പ്രധാന നേതാക്കളെയും പ്രവർത്തകരെയും സന്ദർശിക്കും. വൈകീട്ട് മൂന്ന് മണിക്ക് നിലമ്പൂരിൽ ചേരുന്ന യുഡിഎഫ് നേതൃയോഗത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ, പികെ കുഞ്ഞാലികുട്ടി തുടങ്ങിയ യുഡിഎഫ് നേതാക്കൾ പങ്കെടുക്കും.