ജിദ്ദ: ജിദ്ദയിലെ കിംഗ് അബ്ദുള്ള സ്‌പോർട്‌സ് സിറ്റിയിൽ നടന്ന കിംഗ്‌സ് കപ്പ് ഫൈനലിൽ അൽ ഖാദിസിയയെ 3-1 ന് പരാജയപ്പെടുത്തി അൽ ഇത്തിഹാദിന് വിജയം. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അൽ ഇത്തിഹാദിന് കിംഗ്‌സ് കപ്പ് ട്രോഫി സമ്മാനിച്ചു.
60,000 കാണികൾ തിങ്ങിനിറഞ്ഞ ഗ്രൗണ്ടിൽ ഫ്രഞ്ച് ക്യാപ്റ്റൻ കരീം ബെൻസേമയുടെ നേതൃത്വത്തിൽ നടന്ന ശക്തമായ പ്രകടനത്തിലൂടെയാണ് അൽ ഇത്തിഹാദ് സീസണിലെ രണ്ടാമത്തെ ട്രോഫി നേടിയത്. കളിയുടെ 34-ാം മിനിറ്റിൽ ബെൻസേമയാണ് ആദ്യ ഗോൾ സ്വന്തമാക്കിയത്. തുടർന്ന് മിഡ്‌ഫീൽഡർ ഹൗസെം ഔവർ രണ്ടാമത്തെ ഗോളും നേടി. ഇഞ്ചുറി സമയത്ത് ബെൻസേമ നേടിയ മൂന്നാമത്തെ ഗോൾ ടീമിൻറെ ജയം ഉറപ്പിച്ചു.
ആദ്യ പകുതിയുടെ എക്സ്ട്രാ സമയത്ത് പിയറി-എമെറിക് ഔബമെയാങ് നൽകിയ പെനാൽറ്റിയിലൂടെയാണ് അൽ അൽ ഖദ്‌സിയ ആശ്വാസ ഗോൾ നേടിയത്. മത്സരത്തിന്റെ അവസാനത്തിൽ അർജന്റീനിയൻ മിഡ്ഫീൽഡർ എസെക്വൽ ഫെർണാണ്ടസ് രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായതോടെ അൽ ഖാദിസിയയുടെ തിരിച്ചുവരവിനുള്ള സാധ്യതകൾ അസ്തമിച്ചു.
അൽ ഇത്തിഹാദ് നേടുന്ന പത്താമത്തെ കിംഗ്‌സ് കപ്പ് കിരീടമാണിത്. ഔദ്യോഗിക ആഭ്യന്തര മത്സരങ്ങളുടെ എണ്ണത്തിൽ ആറാമത്തെ കിരീടവുമാണ്. ജിദ്ദ ആസ്ഥാനമായുള്ള അൽ ഇത്തിഹാദ് ക്ലബ്ബിന് ശ്രദ്ധേയമായ നേട്ടമാണിത്. അൽ ഹിലാലിനെ പരാജയപ്പെടുത്തി സൗദി പ്രോ ലീഗ് കിരീടം അൽ ഇത്തിഹാദ് സ്വന്തമാക്കിയിരുന്നു.