അബഹ: കാസറഗോഡ് സ്വദേശി സൗദിയിലെ ബീഷിൽ വെടിയേറ്റ് മരിച്ചു. കാസറഗോഡ് ഏണിയാടി കുറ്റിക്കോൽ സ്വദേശി ബഷീർ (42) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്‌ച രാത്രിയാണ് ദാരുണമായ സംഭവം നടന്നത്. അജ്ഞാതരിൽ നിന്നും വെടിയേറ്റുമരിച്ചതായി ഞായറാഴ്‌ച രാവിലെയാണ് കുടുംബത്തിന് വിവരം ലഭിക്കുന്നത്.
ബിഷ നഗിയയിൽ ബഷീർ ഓടിക്കുന്ന വാഹനം വൃത്തിയാക്കുന്നതിനിടയിൽ അജ്ഞാത വാഹനത്തിൽ എത്തിയവർ വെടിവെക്കുകയായിരുന്നു. ശബ്‌ദം കേട്ട് സമീപ വാസികൾ എത്തുമ്പോൾ ബഷീർ തൻറെ വാഹനത്തിന് സമീപം വീണു കിടക്കുന്നതാണ് കണ്ടത്. പോലീസെത്തി ആശുപത്രിയിൽ എത്തിക്കും മുൻപ് മരണപ്പെട്ടിരുന്നു. വാഹനത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതായി അറിയുന്നു. കൊലക്ക് പിന്നിലെ കാരണം വ്യക്തമല്ല.
15 വർഷമായി ടാക്‌സി ഡ്രൈവറായി ജോലി ചെയ്‌തു വരികയാണ്. ബിഷ ഐസിഎഫ് യൂണിറ്റ് ക്ഷേമകാര്യ സെക്രട്ടറികൂടിയാണ് മരണപെട്ട ബഷീർ, ബിഷയിലും സ്വദേശത്തും സാന്ത്വന പ്രവർത്തങ്ങളിൽ സജീവമായിരുന്നു. പിതാവ്: മുഹമ്മദ്, മാതാവ്: മറിയുമ്മ, ഭാര്യ: നസ്‌റിയ, മക്കൾ: ഫിദ (9), മുഹമ്മദ് (7), ആദിൽ(2), സഹോദരങ്ങൾ : അബൂബക്കർ, അസൈനാർ, കരീം, റസാഖ്.
മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മുജീബ് സഖാഫിയുടെയും അസീസ് പതിപറമ്പന്റെയും നേതൃത്വത്തിൽ അനന്തര നടപടികൾ പൂർത്തിയാക്കി വരുന്നു.