ആലപ്പുഴ: സംസ്ഥാനത്തെ സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. അറിവ് പ്രയോഗിക്കാൻ കഴിയുന്നവരായി കുട്ടികളെ വളർത്തണമെന്നും പൊതുവിദ്യാലയങ്ങൾ അടയ്ക്കുന്ന കാലം അവസാനിച്ചുവെന്നും ഉദ്ഘാടനം നിർവഹിച്ചുനടത്തിയ സന്ദേശ പ്രഭാഷണത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
ആലപ്പുഴ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംസ്ഥാനതല പ്രവേശനോത്സവ ചടങ്ങ് നടന്നത്. ഭദ്രദീപം തെളിയിച്ചാണ് ഉദ്ഘാടനം നിർവഹിച്ചത്. കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകുന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.
സംസ്ഥാനത്തിന്റെ മതനിരപേക്ഷത ബോധത്തിന് കേരളത്തിലെ വിദ്യാലയങ്ങൾ വഹിച്ച പങ്ക് വലുതാണ്. വിവിധ ജാതികളിൽ പെട്ടവർ ഒരേ ബെഞ്ചിൽ ഇരുന്നു പഠിച്ച ചരിത്രമാണ് നമുക്കുള്ളതെന്ന് പറഞ്ഞ മുഖ്യമന്ത്രി ജീവിതത്തിൽ പ്രശ്നമുണ്ടായാൽ തകർന്ന് പോകരുതെന്ന് കുട്ടികളോട് ഉപദേശിച്ചു. മാനസിക വിഷമം നേരിടുമ്പോൾ പതറിപ്പോകരുതെന്നും മനസ്സുറപ്പോടെ അതൊക്കെ നേരിടാനും എല്ലാ കാര്യങ്ങൾക്കും സർക്കാർ ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി.
ഭദ്ര എന്ന പത്താം ക്സാസുകാരിയെഴുതിയ പ്രവേശന ഗീതത്തിന്റെ നൃത്താവിഷ്കാരമാണ് ചടങ്ങിൽ ആദ്യം നടന്നത്. മുഖ്യമന്ത്രിയോടൊപ്പം മന്ത്രിമാരായ വി ശിവൻകുട്ടി, സജി ചെറിയാൻ, പി പ്രസാദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു