റിയാദ്: ഐസിഎഫ് ഇന്റർനാഷണൽ സംഘടിപ്പിക്കുന്ന “വിശ്വാസപൂർവം” ബുക്ക് ടെസ്റ്റ് 2025 സൗദിയിൽ നൂറു കേന്ദ്രങ്ങളിൽ നടക്കും. ജൂൺ 20 വെള്ളിയാഴ്‌ച രണ്ടു മണിക്കാണ് ബുക്ക് ടെസ്റ്റ് 2025 നടക്കുന്നത്. ഇന്ത്യൻ ഗ്രാൻറ് മുഫ്‌തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ ആത്മ കഥ “വിശ്വാസപൂർവം” എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ഈ വർഷത്തെ ബുക്ക് ടെസ്റ്റ് നടക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. ഓരോ പ്രവാസിയും വായിച്ചിരിക്കേണ്ടതും ജീവിതത്തിൽ പകർത്തേണ്ടതുമായ അനുഭവങ്ങളാണ് പുസ്തകങ്ങളിലുടനീളമുള്ളതെന്നും അത് കൊണ്ടാണ് ബുക്ക് ടെസ്റ്റിന് ഈ പുസ്തകം തെരെഞ്ഞെടുത്തതെന്നും സംഘാടകർ പറഞ്ഞു.
കനൽപതങ്ങളിലൂടെ സഞ്ചരിച്ചു സമൂഹത്തിന് ദിശാബോധം നൽകുകയും പിന്നാക്കം നിന്നിരുന്ന സമൂഹത്തെ സാമൂഹികമായും വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഉന്നതിയിലെത്തിച്ചു സമൂഹത്തിന് മാതൃക കാണിച്ച മഹാമനീഷിയുടെ വ്യക്തിജീവിതം വരച്ചുകാണിക്കുന്നതാണ് ഈ പുസ്തകം. വലിയ ജീവിതത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് ലളിതമായ രചനയിലൂടെ നമ്മെ പരിചയപ്പെടുത്തുന്നത്.
പ്രവാസികളായ ആർക്കും ഈ ബുക്ക് ടെസ്റ്റിൽ പങ്കെടുക്കാവുന്നതാണ്. ഐസിഎഫ് പ്രാദേശിക ഘടകങ്ങലായിരിക്കും ടെസ്റ്റ് സംഘടിപ്പിക്കുന്നത്. ജൂൺ 20 വെള്ളിയാഴ്‌ച ഉച്ചക്ക് രണ്ട് മണിക്ക് പ്രത്യേകം സജ്ജമാക്കുന്ന സ്ഥലങ്ങളിൽ വെച്ചായിരിക്കും ടെസ്റ്റ് നടക്കുകയെന്നും കൂടുതൽ വിവരങ്ങൾ ഐസിഎഫ് പ്രാദേശിക ഘടകങ്ങളിൽ നിന്നും ലഭ്യമാകുമെന്നും സംഘടകർ അറിയിച്ചു.
ഐസിഎഫ് സൗദി നാഷണൽ പ്രസിഡൻറ് അബ്‌ദുറഷീദ് സഖാഫി മുക്കം, ജനറൽ സെക്രട്ടറി സിറാജ് കുറ്റിയാടി, സോഷ്യൽ അഫേഴ്‌സ് ഡെപ്യൂട്ടി പ്രസിഡൻറ് അബ്ദുൾറഹീം വണ്ടൂർ, പബ്ലികേഷൻ സെക്രട്ടറി അബൂസാലിഹ് മുസ്‌ലിയാർ എന്നിവർ അറിയിച്ചു.