തൃശൂർ: പൂരം കലക്കലുമായി ബന്ധപ്പെട്ട് റവന്യു മന്ത്രി കെ രാജന്റെ ആരോപണം തള്ളി എഡിജിപി അജിത്കുമാർ. പൂരം മുടങ്ങിയ സമയത്ത് മന്ത്രി വിളിച്ചതായി അറിയില്ലെന്ന് എം അജിത്കുമാർ മൊഴി നൽകി. രാത്രി വൈകിയതിനാൽ ഉറങ്ങിയിരുന്നുവെന്നും ഡിജിപിക്ക് മൊഴി നൽകി.
പൂരം കലക്കലുമായി ബന്ധപ്പെട്ട് അന്വേഷണം പൂർത്തിയാക്കി ഡിജിപി ഈ മാസം മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകും. പൂരം കലക്കലിൽ അജിത്കുമാറിനെ കുരുക്കിലാക്കുന്നതായിരുന്നു നേരത്തെ മന്ത്രി ഡിജിപിക്ക് നൽകിയ മൊഴി. പൂരം മുടങ്ങിയപ്പോൾ ഡിജിപിയെ വിളിച്ചപ്പോൾ കിട്ടിയില്ലെന്നായിരുന്നു മന്ത്രിയുടെ മൊഴി.
എഡിജിപി സ്ഥലത്തുണ്ടായിരുന്നു എന്നറിഞ്ഞാണ് വിളിച്ചത്, പല തവണ വിളിച്ചിട്ടും അദ്ദേഹം ഫോൺ എടുത്തില്ല. ഔദ്യോഗിക നമ്പറിന് പുറമെ പേഴ്‌സണൽ നമ്പറിൽ നിന്ന് വിളിച്ചിട്ടും അജിത് കുമാർ ഫോൺ എടുത്തിരുന്നില്ലെന്നും മന്ത്രിയുടെ മൊഴിയിലുണ്ടായിരുന്നു.
പ്രശ്‌നങ്ങൾ നടക്കുമ്പോൾ തൃശൂരിൽ ഉണ്ടായിട്ടും ഇടപെട്ടില്ലെന്നും അത് ഗുരുതര വീഴ്‌ചയാണെന്നും ഡിജിപിയുടെ ആദ്യ റിപ്പോർട്ട് ബലപ്പെടുത്തുന്നതായിരുന്നു മന്ത്രിയുടെ മൊഴി.