ന്യൂയോർക്: ഗാസയിലെ സഹായ വിതരണ കേന്ദ്രത്തിന് സമീപം പലസ്തീനികളെ കൊലപ്പെടുത്തിയ സംഭവത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് യുഎൻ സെക്രട്ടറി ജനറൽ. ഞായറാഴ്‌ച ഭക്ഷണത്തിനായി കാത്തിരിക്കുന്ന ഫലസ്‌തീനികൾക്ക് നേരെയാണ് വെടിവെപ്പുണ്ടായത്. യുഎസും ഇസ്രായേൽ പിന്തുണയുള്ള ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷനും (ജിഎച്ച്എഫ്) നടത്തുന്ന റഫയിലെ കേന്ദ്രത്തിലായിരുന്നു വെടിവെപ്പ്.
റെഡ് ക്രോസ് ആശുപത്രിയിൽ 179 പേരെ പ്രവേശിപ്പിച്ചതായും അതിൽ 21 പേർ മരിച്ചതായും അറിയിച്ചു. എന്നാൽ 31 പേർ മരണപ്പെട്ടിട്ടുണ്ടെന്നാണ് ഹമാസ് നടത്തുന്ന സിവിൽ ഡിഫൻസ് ഏജൻസി പറയുന്നത്. അതേസമയം ഇസ്രായേൽ സൈന്യം ഞായറാഴ്ച നടന്ന വെടിവെപ്പ് നിഷേധിച്ചു. ഭക്ഷണവിതരണ കേന്ദ്രത്തിന് അകത്തോ പുറത്തോ ഉള്ള സാധാരണക്കാർക്ക് നേരെ ഇസ്രായേൽ സൈന്യം വെടിയുതിർത്തിട്ടില്ലെന്നും റിപ്പോർട്ടുകൾ “പൂർണ്ണമായും കെട്ടിച്ചമച്ചതാണ്” എന്നും ഭക്ഷണവിതരണ കേന്ദ്രത്തിലോ സമീപത്തോ ആക്രമണത്തിന്റെ തെളിവുകൾ ഇതുവരെ കണ്ടിട്ടില്ലെന്നും ജിഎച്ച്എഫ് പറഞ്ഞു.
ബിബിസി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വാർത്താ സംഘടനകളെ ഇസ്രായേൽ ഗാസയിലേക്ക് അനുവദിക്കുന്നില്ല, അത്കൊണ്ട് തന്നെ ഇത് പ്രദേശത്ത് എന്താണ് സംഭവിക്കുന്നതെന്ന് പരിശോധിക്കുന്നത് ബുദ്ധിമുട്ടാക്കുന്നു.
“ഇന്നലെ ഗാസയിൽ സഹായം തേടുന്നതിനിടെ പലസ്തീനികൾ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തുവെന്ന റിപ്പോർട്ടുകൾ എന്നെ അമ്പരപ്പിക്കുന്നു” എന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് തിങ്കളാഴ്ച പ്രസ്താവനയിൽ പറഞ്ഞു. “ഈ സംഭവങ്ങളെക്കുറിച്ച് ഉടനടി സ്വതന്ത്രമായ അന്വേഷണം നടത്തണമെന്നും കുറ്റവാളികളെ കണ്ടെത്തണമെന്നും” അദ്ദേഹം ആവശ്യപ്പെട്ടു.