ന്യൂഡൽഹി: ആം ആത്മി പാർട്ടി ഇന്ത്യാമുന്നണി വിട്ടു. കഴിഞ്ഞ ലോക് സഭാ തെരെഞ്ഞെടുപ്പിൽ മാത്രമായിരുന്നു സഖ്യമെന്ന് എഎപി വക്താവ് അനുരാഗ് ദണ്ഡ വ്യക്തമാക്കി. കോൺഗ്രസും ബിജെപിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്നും ദണ്ഡ ആരോപിച്ചു. സാമൂഹ്യ മാധ്യമമായ എക്‌സിലാണ് കോൺഗ്രസിനെതിരായ രൂക്ഷവിമർശനം ഉന്നയിച്ചത്. നരേന്ദ്ര മോദിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ കഴിയുന്ന പ്രസ്‌താവനകൾ മാത്രമാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പുറപ്പെടുവിക്കുന്നത്. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും കേസിൽ പെടാതെ മോദി സംരക്ഷിക്കുകയാണെന്നും അനുരാഗ് ദണ്ഡ ആരോപിച്ചു. ഇത്തരത്തിലുള്ള പാർട്ടിയുമായി ഇനി സഖ്യം വേണ്ടെന്നും ദണ്ഡ പറഞ്ഞു.
ഇന്ത്യാ സഖ്യത്തിലെ എംപിമാർ ഡൽഹിയിൽ യോഗം ചേർന്ന് പ്രത്യേക പാർലമെന്ററി യോഗം വിളിക്കണമെന്ന് പ്രധാനമന്ത്രി മോദിയോട് ആവശ്യപ്പെട്ടിരുന്നു. ഈ യോഗത്തിൽ നിന്നും ആം ആത്മി എംപിമാർ പങ്കെടുത്തിരുന്നില്ല. ഇതേ ആവശ്യം ഉന്നയിച്ചു ആം ആത്മി തനിച്ചു കത്ത് നൽകുമെന്നായിരുന്നു പറഞ്ഞിരുന്നത്. ഇതിന് ശേഷമാണ് കോൺഗ്രസുമായി ഒത്തുപോവാൻ സാധിക്കില്ലെന്ന് വ്യക്തമാക്കി ആം ആത്മി രംഗത്ത് വന്നത്.
ഡൽഹി, ഹരിയാന തെരെഞ്ഞെടുപ്പുകളിൽ കോൺഗ്രസുമായി ചേർന്നായിരുന്നു ആം ആത്മി മത്സരിച്ചിരുന്നത്. ഡൽഹി നിയമസഭ തെരെഞ്ഞെടുപ്പിൽ ആം ആത്മി നേതാവ് അരവിന്ദ് കെജ്‌രിവാളും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും നടത്തിയ ആരോപണ പ്രത്യാരോപണങ്ങൾ വാർത്തയായിരുന്നു. ഇന്ത്യമുന്നണിക്കൊപ്പം നിൽക്കുകയും കോൺഗ്രസിനെതിരെ ആരോപണനകൾ ഉന്നയിക്കുകയും ചെയ്യുന്ന കെജ്‌രിവാളിന്റെ ശൈലിക്കെതിരെ നേരത്തെ വിമർശനം ഉയർന്നിരുന്നു. തെരെഞ്ഞെടുപ്പ് ഫലം പുലർത്തുവന്നപ്പോൾ കോൺഗ്രസിനും ആംആത്മിക്കും കനത്ത തിരിച്ചടിയായിരുന്നു ലഭിച്ചത്. വരാനിരിക്കുന്ന ബീഹാർ തെരഞ്ഞെടുപ്പിലും തനിച്ചു മത്സരിക്കാനാണ് ആം ആത്മി പാർട്ടിയുടെ പ്ലാൻ എന്നറിയുന്നു.