ന്യൂഡൽഹി: വിരമിച്ച ജഡ്ജിമാർ സ്ഥാനമാനങ്ങൾ സ്വീകരിക്കുന്നതിനെതിരെ വിമർശനവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്. ജഡ്ജിമാർ വിരമിച്ചതിന് ശേഷം തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്നത് നല്ല പ്രവണതയല്ല. ഇത്തരം പ്രവണതകൾ ഗൗരവമായ ധാർമിക പ്രശ്നങ്ങൾ ഉയർത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിരമിച്ച ശേഷം സ്ഥാനമാനങ്ങൾ സ്വീകരിക്കുന്നത് വിധിന്യായത്തിൽ സ്വാധീനിക്കപെട്ടു എന്ന തോന്നലുണ്ടാക്കും. പൊതുജനം ഇക്കാര്യം ചോദ്യം ചെയ്യുന്ന സാഹചര്യം ഉണ്ടാകും. നീതിന്യായ വ്യവസ്ഥയുടെ നിഷ്പക്ഷതയും സ്വാതന്ത്ര്യവും സംബന്ധിച്ച് സംശയം ഉയരും. ഇത് ആശയ വൈരുദ്ധ്യത്തിന് ഇടവരുമെന്നും ചീഫ് ജസ്റ്റിസ് അഭിപ്രയപെട്ടു.
നിരവധി സഹപ്രവർത്തകർ സ്ഥാനങ്ങൾ സ്വീകരിക്കില്ലെന്ന് പ്രതിജ്ഞ ചെയ്തിട്ടുണ്ട്. നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര സ്വഭാവവും വിശ്വാസ്യതയും ഉയർത്തിപ്പിടിക്കാൻ ഈ നിലപാടുകൾ സഹായിക്കുമെന്നും ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് പറഞ്ഞു. ബ്രിട്ടീഷ് സുപ്രീം കോടതിയിലെ പ്രസംഗത്തിലായിരുന്നു ചീഫ് ജസ്റ്റിസിന്റെ വിമർശനം.
കോടതി നടപടികളുടെ തത്സമയ പ്രക്ഷേപണം ഒരു സുപ്രധാന സുതാര്യതാ നീക്കമാണ്. പൊതുജനാഭിപ്രായത്തെ പ്രതികൂലമായി രൂപപ്പെടുത്തുന്ന നിലയിൽ നടപടി ക്രമങ്ങളെ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്തു റിപ്പോർട്ട് ചെയ്യുന്നതിനെയും ജജസ്റ്റിസ് വിമർശിച്ചു. ശക്തമായ ഒരു ഉപകരണത്തെ പോലെ തത്സമയ സ്ട്രീമിങ്ങും ശ്രദ്ധയോടെ ഉപയുയോഗിക്കണം. വ്യാജ വാർത്തകളോ സന്ദർഭത്തിന് പുറത്തുള്ള കോടതി നടപടി ക്രമങ്ങളോ പൊതുജന ധാരണയെ പ്രതികൂലമായി രൂപ്പെടുത്തുമെന്നും ജസ്റ്റിസ് അഭിപ്രായപ്പെട്ടു.
വെർച്വൽ ഹിയറിങ്ങുകൾ വിധിന്യായങ്ങൾ പ്രാദേശിക ഭാഷകളിലേക്ക് വിവർത്തനം ചെയ്യൽ, കേസ് തീർപ്പാക്കൽ ഡാറ്റ എൻജെഡിജിയിൽ പ്രസിദ്ധീകരിക്കൽ തുടങ്ങിയ ജുഡീഷ്യൽ നടപടികൾ പൊതുജനങ്ങൾക്ക് കൂടുതൽ ആക്സസ് ചെയ്യാൻ കഴിയുന്നതാക്കാൻ സ്വീകരിച്ച നടപടികളെ കുറിച്ചും ജസ്റ്റിസ് വിശദീകരിച്ചു.



