മലപ്പുറം: നിലമ്പൂർ ഉപ തെരെഞ്ഞെടുപ്പിൽ 10 സ്ഥാനാർഥികൾ മത്സരരംഗത്ത്. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന പിവി അൻവറിന്റെ അപരൻ ഉൾപ്പടെയുള്ള നാലുപേരാണ് പത്രിക പിൻ വലിച്ചത്.
നിലമ്പൂരിൽ കോൺഗ്രസ് തന്റെ അപരനെ ഇറക്കിയെന്ന് അൻവർ ആരോപിച്ചിരുന്നു. ചുങ്കത്തറ പഞ്ചായത്തിലെ കോൺഗ്രസ് നേതാവാണ് അപരനായി പത്രിക സമർപ്പിച്ച അൻവർ എന്നും പിവി അൻവർ ആരോപിച്ചിരുന്നു. യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിൻറെ സന്തത സഹചാരിയാണ് ഇദ്ദേഹമെന്നും അൻവർ ഫേസ് ബുക്കിൽ ഷെയർ ചെയ്‌ത വീഡിയോയിൽ ആരോപിച്ചിരുന്നു. എന്നാൽ ഇന്ന് അൻവർ പത്രിക പിൻവലിക്കുകയായിരുന്നു.
തൃണമൂൽ സ്ഥാനാർഥിയായി അൻവർ സമർപ്പിച്ച പത്രിക തെരെഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയിരുന്നു. എന്നാൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി സമർപ്പിച്ച പത്രിക സ്വീകരിക്കുകയും ചെയ്‌തു. നിലമ്പൂരിലെ സാധാരണക്കാരുടെ സ്ഥാനാർഥിയാണ് എന്ന് അവകാശപ്പെട്ടാണ് അൻവർ മത്സര രംഗത് വന്നത്. ഒരു ഓട്ടോറിക്ഷത്തൊഴിലാളിയും ഒരു ടാപ്പിംഗ് തൊഴിലാളിയും ഒരു കർഷകനും അൻവറിന്റെ കൂടെ പത്രിക സമർപ്പണത്തിന് എത്തിയിരുന്നു.
യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്, എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ് എന്നിവരാണ് മത്സര രംഗത്ത് കൊമ്പ് കോർക്കുന്ന പ്രമുഖർ.