തിരുവനന്തപുരം: ബലിപെരുന്നാൾ പ്രമാണിച്ചു സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്ന അവധി ദിവസം വെട്ടി ചുരുക്കി. പെരുന്നാൾ ശനിയാഴ്‌ചയായ പശ്ചാതലത്തിലായിരുന്നു സർക്കാർ നടപടി. നേരത്തെ വെള്ളിയാഴ്‌ചയായിരുന്നു സർക്കാർ അവധി പ്രഖ്യാപിച്ചിരുന്നത്. രണ്ട് ദിവസം അവധി വേണമെന്ന് ചില മുസ്‌ലിം സംഘടനകൾ ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ പരിഗണിച്ചിരുന്നില്ല.
ബലിപെരുന്നാൾ പ്രമാണിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പടെ സർക്കാർ ഓഫീസുകൾക്ക് ജൂൺ ആറിന് നൽകിയിരുന്ന അവധി റദ്ദാക്കിയത് പ്രതിഷേധാർഹമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. വെള്ളിയാഴ്‌ച അറഫാ നോമ്പ് ദിവസവും പെരുന്നാളിനോടനുബന്ധിച്ചു വളരെ പ്രധാനവുമാണ്. ശനിയാഴ്‌ച നിലവിൽ അവധിയായതിനാൽ പ്രത്യേകിച്ച് അവധി നൽകേണ്ട ആവശ്യവും ഇല്ല. അതിനാൽ വെള്ളിയാഴ്‌ച അവധിയായി തന്നെ പ്രഖ്യാപിക്കണമെന്ന് പിഎംഎ സലാം ആവശ്യപ്പെട്ടു.