മലപ്പുറം: വഴിക്കടവിൽ പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് മരിച്ച അനന്തുവിന് കണ്ണീരോടെ യാത്ര നൽകി സഹപാഠികളും നാട്ടുകാരും. അനന്തുവിന്റെ മൃതദേഹം കുട്ടിക്കുന്ന് ശ്‌മശാനത്തിൽ സംസ്‌കരിച്ചു. ഉറ്റവരും സഹപാഠികളും അധ്യാപകരും ഉൾപ്പടെ ആയിരങ്ങളാണ് അനന്തുവിന് അന്ത്യയാത്ര നേരാനെത്തിയത്.
സ്‌കൂളിൽ പൊതു ദർശനത്തിന് വെച്ച ശേഷമായിരുന്നു വഴിക്കടവിലെ വീട്ടിലേക്ക് മൃതദേഹം എത്തിച്ചത്. വീട്ടിലെത്തിച്ച അനന്തുവിനെ കണ്ട നാട്ടുകാർക്കും സഹപാഠികൾക്കും കരച്ചിലടക്കാനായില്ല. കുട്ടിക്കുന്ന് ശ്‌മശാനത്തിൽ അനന്തുവിനെ സംസ്‌കാരിച്ചു.
അനന്തു പണിക്കെണിയിൽ നിന്നും ഷോക്കേറ്റ് മരിച്ച സംഭവം ജില്ലാ ക്രൈ ബ്രാഞ്ച് അന്വേഷിക്കും. ക്രൈം ബ്രാഞ്ച് ഡിവഎസ്‌പി അലവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. കേസിലെ ഗൂഢാലോചന ഉൾപ്പടെയുള്ള കാര്യങ്ങൾ അന്വേഷിക്കും.
സംഭവത്തിൽ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു. വഴിക്കടവ് പുത്തരിപ്പാടം സ്വദേശി വിനീഷിനെയാണ് അറസ്റ്റ് ചെയ്തത്. പന്നിയെ പിടി കൂടി മാംസം വിൽപന നടത്തുന്നതിന് വേണ്ടിയാണ് കെണി വെച്ചതെന്നായിരുന്നു അയാൾ പോലീസിൽ പറഞ്ഞത്. ഇയാൾ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.



