റിയാദ് : രണ്ടാമത് ഇന്ത്യ – തായ്‌ലൻഡ് റൈഫിൾ ആൻഡ് പിസ്റ്റൾ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ബാലസംഘം മരുതുംകുഴി മേഖല വൈസ് പ്രസിഡൻറ് വൃന്ദ എസ് രാജേഷിന് കേളി കലാസാംസ്‌കാരിക വേദി യാത്രക്ക് ആവശ്യമായ തുക കൈമാറി.
2024 ൽ നാഷണൽ എയർഗൺ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ കരസ്ഥമാക്കുകയും ഈ വർഷം ജമ്മുകാശ്മിരിൽ നടന്ന നാഷണൽ ഐസ് സ്റ്റോക്ക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുകയും ചെയ്‌ത വൃന്ദ 2025 ൽ സ്റ്റേറ്റ് എയർഗൺ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കി. ഈ വർഷം ഗോവയിൽ നടന്ന നാഷണൽ റൈഫിൽ ആൻഡ് പിസ്റ്റൾ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ കരസ്ഥമാക്കുകയും അന്താരാഷ്ട്ര തലത്തിൽ മത്സരിക്കുന്നതിന് തെരഞ്ഞെടുക്കുകയും ചെയ്‌തു. ഈ മത്സരം തായ്‌ലൻഡിലെ ബാങ്കോക്ക് ഒളിമ്പിക് ഗ്രൗണ്ടിൽ വെച്ചാണ് നടക്കുന്നത്.
ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിട്ടും യാത്രക്കും മറ്റും ആവശ്യമായ തുക കണ്ടെത്താൻ കഴിയാതെ ബുദ്ധിമുട്ടുന്ന അവസ്ഥ സിപിഐഎം സംസ്ഥാന കമ്മറ്റി കേളിയെ അറിയിക്കുകയായിരുന്നു. കേളി സ്വരൂപിച്ച തുകയുടെ ചെക്ക് സിപിഐഎം പാർട്ടി ജില്ലാ സെക്രട്ടറി വി ജോയി എംഎൽഎ കൈമാറി. കേളി സൗദി അറേബ്യയിലും നാട്ടിലും നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ചും അശരണർക്ക് നൽകിവരുന്ന ഹൃദയപൂർവ്വം പോലുള്ള പദ്ധതികളെ കുറിച്ചും ജില്ലാ സെക്രട്ടറി എടുത്തു പറഞ്ഞു. ട്രിഡ ചെയർമാൻ കെ സി വിക്രമൻ, സിപിഐഎം ഏരിയ സെക്രട്ടറി വഞ്ചിയൂർ ബാബു ഏരിയ കമ്മിറ്റി അംഗങ്ങളായ ജി. രാധാകൃഷ്ണൻ, കെ ആർ മധുസൂദനൻ , കിരൺ ദേവ് , ബാലസംഘം ഏരിയ കോഡിനേറ്റർ ഗോപി വയനാട്, ജില്ലാ പ്രസിഡന്റ് അമൽ ഗിരീഷ് , ബാലസംഘം ഏരിയ സെക്രെട്ടറി മഹിമ, ഏരിയ പ്രസിഡന്റ് വൈഷ്ണവി, മരുതുംകുഴി വില്ലേജ് സെക്രട്ടറി വിഘ്‌നേഷ്, മരുതുംകുഴി സിപിഐഎം ലോക്കൽ കമ്മിറ്റി അംഗങ്ങൾ ബ്രാഞ്ച് സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.