ജുബൈൽ: ജുബൈലിൽ സംഗീതവിരുന്നൊരുക്കി ധ്വനി സ്‌കൂൾ ഓഫ് മ്യുസിക്. ജുബൈൽ അൽ ഹുമൈദാൻ ഓഡിറ്റോറിയത്തിലായിരുന്നു ധ്വനി തരംഗ് സംഗീത പരിപാടി. കുടുംബാംഗങ്ങൾ ഉൾപ്പടെ നിരവധി പേരാണ് സംഗീതവിരുന്ന് ആസ്വദിക്കാനെത്തിയത്.
ഇന്ത്യൻ ഇന്റർനാഷണൽ സ്‌കൂൾ മലയാള വിഭാഗം അധ്യാപകൻ എൻ സനൽ കുമാറും ബദ്ർ അൽ റാബി ഗ്രൂപ് കൺസൾട്ടന്റ് പീഡിയാട്രീഷൻ ഡോ. അജി വർഗീസും ചേർന്ന് ദീപം തെളിയിച്ചു സംഗീതമേള ഉത്ഘാടനം നിർവഹിച്ചു. ശിവാനി സുരേഷ്, ശിവാനി അനിൽ, ഹംദാൻ അബ്ദുൽസലാം, പർവാൻ ദിലീപ്, സിദ്ധാർഥ് അനിൽ, ഗൗരി നന്ദ, ലീബ സാറ ലിജാൻ, മേഘ സൂസൻ, സഞ്ജന പ്രമോദ്, നക്ഷത്ര ഷേണായ് എന്നിവർ ആലപിച്ച ‘ശ്രീ വിഘ്നരാജം ഭജേ’ എന്ന കീർത്തനതോടെയാണ് പരിപാടി ആരംഭിച്ചത്.
കിഴക്കൻ മേഖലയിലെ പ്രശസ്‌ത സംഗീത അധ്യാപിക പുണ്യ നവീൻ ഒരുക്കിയ കർണാട്ടിക് കൊയർ പരിപാടി ആകർഷണീയമായിരുന്നു. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ പരിപാടിയിൽ അണിനിരന്നു. സൗദിയിൽ തന്നെ ആദ്യമായാണ് ഇത്തരത്തിൽ ഒരു പരിപാടി ഒരുക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.
ധ്വനി ടീം ഒരുക്കിയ കർണാടിക് കൊയറിൽ 70 ഓളം പേർ പങ്കെടുത്തു. വാതാപി ഗണപതിം, സ്വാഗതം കൃഷ്‌ണ, വിഷമകാര കണ്ണൻ രാരവേണു ഗോപാ എന്നീ പ്രശസ്‌ത കൃതികളുടെ കീത്തനങ്ങൾ സംഗീത പ്രേമികളെ പുളകമണിയിച്ചു.



