മലപ്പുറം: സ്‌കൂൾ സമയ മാറ്റവുമായി ബന്ധപ്പെട്ട് സമസ്‌തയുടെ ആവശ്യം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് എം സ്വരാജ്. ഇത് സംബന്ധിച്ച് പ്രായോഗികത പരിശോധിച്ചാണ് തീരുമാനം വേണ്ടതെന്ന് സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു. സ്‌കൂൾ സമയ മാറ്റം മത പഠനത്തെ ബാധിക്കുമെന്ന് സമസ്‌ത അഭിപ്രായപ്പെട്ടിരുന്നു. വെള്ളിയാഴ്‌ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 15 മിനിറ്റും വൈകീട്ട് 15 മിനിറ്റും വർധിപ്പിച്ചുകൊണ്ട് സമയത്തിൽ മാറ്റം വരുത്തിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു നിലമ്പൂർ എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ്.
നാടകനടിയും സാമൂഹിക പ്രവർത്തകയുമായ നിലമ്പൂർ ആയിഷക്കെതിരായ സൈബർ ആക്രമണത്തെയും സ്വാരാജ് അപലപിച്ചു. തെറി വിളിച്ചു കണ്ണ് പൊട്ടിക്കാം എന്നാണ് കരുതുന്നത്. നിലമ്പൂർ ആയിഷക്കെതിരെ അസഭ്യവും അശ്ലീലവും പറയുന്നവരെ യുഡിഎഫ് നേതൃത്വം നിയന്ത്രിക്കണമെന്ന് സ്വരാജ് പറഞ്ഞു. സാംസ്‌കാരിക പ്രവർത്തകർക്ക് അഭിപ്രായം പറയാൻ പാടില്ലെന്ന് ആരാണ് പറഞ്ഞതെന്നും സ്വരാജ് ചോദിച്ചു.
സ്ഥാനാർഥിയെ ആദ്യം പിന്തുണച്ചത് സച്ചിദാന്ദനാണ്. സർക്കാരിനെ നിരന്തരമായി വിമർശിക്കുന്നയാളാണ് സച്ചിദാനന്ദൻ. പിന്തുണയുമായി നിരവധിയാളുകളാണ് വരുന്നത്, അത് പലർക്കും സഹിക്കുന്നില്ല. സ്വരാജ് പറഞ്ഞു.
ആശാ പ്രവർത്തകരിലാണ് എൽഡിഎഡിന് വിശ്വാസമെന്നും ആശാ പ്രവർത്തകരുടെ പേരിൽ സമരം നടത്തുന്നവരെ പരിഗണിക്കുന്നില്ലെന്നും ആശാ പ്രവർത്തകരുടെ സമരത്തിൽ സ്വരാജ് പ്രതികരിച്ചു. ആശാ പ്രവർത്തകരുടെ വേതനം ഏഴ് ഇരട്ടിയായി വർധിപ്പിച്ച എൽഡിഎഫിന് എട്ട് ഇരട്ടിയാക്കാനാണോ സർക്കാരിന് ബുദ്ധിമുട്ടെന്നും സ്വരാജ് ചോദിച്ചു.