മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആര് വോട്ട് തന്നാലും വേണ്ടെന്ന് പറയില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. വെൽഫെയർ പാർട്ടിയെ മുന്നണിക്കൊപ്പം കൂട്ടുകയോ അസോസോയേറ്റ് അംഗത്വം വാഗ്ദാനം ചെയ്യുകയോ ചെയ്‌തിട്ടില്ല. തെരഞ്ഞെടുപ്പിൻറെ ഭാഗമായിട്ടാണ് വോട്ട് സ്വീകരിക്കുന്നത്. ഒരു വോട്ടും നഷ്ടപ്പെടില്ല, മികച്ച ഭൂരിപക്ഷത്തിൽ യുഡിഎഫ് ജയിക്കുമെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
നിലമ്പൂർ ഉപ തെരെഞ്ഞെടുപ്പ് യുഡിഎഫിന് എൽഡിഫുമായുള്ള രാഷ്ട്രീയ മത്സരമാണിത്. സർക്കാരിൻറെ ഭരണ നയങ്ങൾ ജനങ്ങൾക്കെതിരാണ്. ജനവിരുദ്ധ നയങ്ങൾക്കെതിരായ വിധിയെഴുത്താകും നിലമ്പൂർ ഉപ തെരെഞ്ഞെടുപ്പ്. മണ്ഡലത്തിൽ ശക്തി കേന്ദ്രങ്ങളായ ആരുടേയും വാഗ്‌ദാനങ്ങൾ സ്വീകരിക്കാൻ ഞങ്ങൾ തയ്യാറാണ്. അതിന്റെ പേരിൽ ഒരു പിന്തുണയും നഷ്ടപ്പെടില്ല. വർദ്ധിക്കുക മാത്രമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
കടുത്ത മത രാഷ്ട്രവാദികളായ ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ കക്ഷിയായ വെൽഫെയർ പാർട്ടി മതേതര വാദം ഉയർത്തുന്ന യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴി വെച്ചിരുന്നു. കഴിഞ്ഞ ദിവസം നിലമ്പൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് വെൽഫെയർ പാർട്ടി യുഡിഎഫിന് പിന്തുണ നൽകിയത്. വിഷയം ഏറ്റെടുത്ത എൽഡിഎഫ് കോൺഗ്രസിനെതിരെ കടുത്ത വിമർശനമാണ് ഉയർത്തിയത്. സിപിഎം സെക്രട്ടറി എം ഗോവിന്ദനും നിലമ്പൂർ എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ് ഉൾപ്പടെ വിമർശനം ഉന്നയിച്ചു രംഗത്ത് വന്നിരുന്നു.
ഹിന്ദു രാഷ്ട്രം വേണമെന്ന് ആർഎസ്എസ് പറയുന്നപോലെ ഇസ്‌ലാമിക രാഷ്ട്രം വേണമെന്ന് ആവശ്യപെടുന്ന പാർട്ടിയാണ് ജമാഅത്തെ ഇസ്‌ലാമിഎന്നായിരുന്നു എംവി ഗോവിന്ദൻ പറഞ്ഞത്. ചേരുന്നവർ ചേരേണ്ടിടത്തേ ചേരൂ എന്ന് എം സ്വരാജ് പറഞ്ഞു. വിവാദങ്ങളോട് പ്രതികരിച്ച പ്രതിപക്ഷ നേതാവ് ജമാഅത്തെ ഇസ്‌ലാമിയെ ന്യായീകരിക്കാനാണ് ശ്രമിച്ചത്.



