ദുബായ് : ഏറെക്കാലമായി കാത്തിരുന്ന ഏകീകൃത ജിസിസി ടൂറിസ്റ്റ് വിസയ്ക്ക് അംഗീകാരം ലഭിച്ചുവെന്നും, ഉടനെ തന്നെ പ്രാബല്യത്തിൽ വരുമെന്നും യുഎഇയുടെ സാമ്പത്തിക മന്ത്രി അബ്ദുള്ള ബിൻ തൗഖ് അൽ മാരി പറഞ്ഞു. യു എ ഇ ആഭ്യന്തര മന്ത്രാലയത്തിന്റെയും ബന്ധപ്പെട്ട പങ്കാളികളുടെയും പരിഗണനയിലാണ്, അവർ അത് പരിശോധിച്ചു ഉടനെത്തന്നെ പ്രഖ്യാപനം ഉണ്ടാവുമെന്ന് കരുതുന്നതയും അദ്ദേഹം പറഞ്ഞു. യുഎഇ ഹോസ്പിറ്റാലിറ്റി സമ്മർ ക്യാമ്പ് പത്രസമ്മേളനത്തിനിടെ ഖലീജ് ടൈംസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മന്ത്രി വിവരം പുറത്ത് വിട്ടത്.
ഷെഞ്ചൻ ടൂറിസ്റ്റ് വിസയ്ക്ക് സമാനമായി, ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങൾ മേഖലയ്ക്കായി ഒരു ഏകീകൃത ടൂറിസ്റ്റ് വിസ അല്ലെങ്കിൽ ജിസിസി ഗ്രാൻഡ് ടൂർസ് വിസ പുറത്തിറക്കുന്നതിനെക്കുറിച്ച് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ചർച്ച ചെയ്തുവരികയായിരുന്നു. മേഖലയിലെ ബിസിനസ് യാത്ര വർദ്ധിപ്പിക്കാൻ ഏകീകൃത വിസ സഹായിക്കുമെന്നു വ്യവസായ എക്സിക്യൂട്ടീവുകൾ വിശ്വസിക്കുന്നു
യുഎഇ, സൗദി അറേബ്യ, ബഹ്‌റൈൻ, ഖത്തർ, ഒമാൻ, കുവൈറ്റ് എന്നീ ആറ് അംഗരാജ്യങ്ങളിലേക്കും ഒറ്റ വിസയിൽ സന്ദർശിക്കാൻ വിദേശ വിനോദസഞ്ചാരികൾക്ക് ഈ വിസ അനുവദിക്കും. ഏകീകൃത വിസ പ്രാദേശിക ടൂറിസം വ്യവസായത്തിനും മൊത്തത്തിലുള്ള സമ്പദ്‌വ്യവസ്ഥയ്ക്കും ഒരു പ്രധാന ഘടകമാകുമെന്നും, ജിഡിപിയിൽ വലിയ ഉത്തേജനം നൽകുന്നതിനൊപ്പം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും കരുതപ്പെടുന്നു.