ന്യൂഡൽഹി: എയർ ഇന്ത്യയുടെ 15 ശതമാനത്തോളം വരുന്ന അന്താരാഷ്ട സർവീസുകൾ കമ്പനി വെട്ടിക്കുറച്ചു. എയർ ഇന്ത്യയിൽ ടിക്കറ്റ് ബുക്ക് ചെയ്‌ത് യാത്രക്ക് തയ്യാറെടുക്കുന്നവർക്ക് ആശങ്കയുളവാക്കുന്ന തീരുമാനമാണ് എയർ ഇന്ത്യയുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. ജൂലൈ പകുതി വരെയുള്ള സർവീസുകളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. അഹമ്മദാബാദിലെ വിമാനാപകടത്തിൻറെ പശ്ചാത്തലത്തിൽ വിമാനങ്ങളിൽ നടക്കുന്ന അധിക പരിശോധനയുടെ ഭാഗമായിട്ടാണ് നിയന്ത്രണം. കഴിഞ്ഞ ആറ് ദിവസത്തിനുള്ളിൽ മാത്രം എയർ ഇന്ത്യ റദ്ദാക്കിയ സർവീസുകളുടെ എണ്ണം 83 ആണ്. യാത്രക്കാർക്ക് ടിക്കറ്റ് തുക റീഫണ്ട് ചെയ്യുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലും എയർ ഇന്ത്യയുടെ സർവീസുകൾ റദ്ദാക്കിയിരുന്നു, യുറോപ്യൻരാജ്യങ്ങളിലേക്കുള്ള സർവീസുകളാണ് ഭൂരിഭാഗവും റദ്ദാക്കിയത്. വ്യോമ പാത സുരക്ഷിതമല്ലെന്ന് ആശങ്കയും നിലനിൽക്കുന്നുണ്ട്.
ഗൾഫ് രാജ്യങ്ങളിൽ ചൂട് വർധിക്കുന്ന സാഹചര്യത്തിലും വിദേശങ്ങളിൽ സ്‌കൂൾ അവധി സമയ മായതിനാലും പ്രവാസികൾ കുടുംബത്തോടെ അവധി ആഘോഷിക്കാൻ നാട്ടിലേക്ക് പോകുന്ന സമയം കൂടിയാണിത്. കുത്തനെ വർധിക്കുന്ന വിമാനകൂലി കാരണം ആളുകൾ നേരത്തെ തന്നെ ടിക്കറ്റുകൾ പർച്ചേസ് ചെയ്‌തിട്ടുണ്ട്. സാധാരണക്കാരായ ആളുകൾ എപ്പോഴും ആശ്രയിക്കുന്നത് എയർ ഇന്ത്യ ആയതിനാൽ കൂടുതൽ പേരും എയർ ഇന്ത്യയിൽ തന്നെയാണ് ടിക്കറ്റുകൾ എടുത്തിട്ടുണ്ടാവുക.
പശ്ചിമേഷ്യയിലെ സംഘർഷ സാധ്യതകളും എയർ ഇന്ത്യ ഉൾപ്പടെയുള്ള വിമാന സർവീസുകളുടെ റദ്ദാക്കലും പ്രവാസികളുടെ ദുരിതം വർധിക്കുകയാണ്. സർവീസുകളുടെ എണ്ണം കുറയുന്നതോടെ ടിക്കറ്റ് നിരക്കിലും വർധനക്കുള്ള സാധ്യത കാണുന്നുണ്ട്.