വാഷിംഗ്‌ടൺ: ഇറാൻ-ഇസ്രായേൽ സംഘർഷം അവസാനിപ്പിക്കാൻ ഇടപെടാൻ കഴിയില്ലെന്ന സൂചനയുമായി അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. ഇറാൻ യൂറോപ്യൻ യൂണിയനുമായി നടത്തുന്ന ചർച്ച ഗുണം ചെയ്യില്ലെന്നും ട്രംപ് പറഞ്ഞു.
അമേരിക്കയുമായി ചർച്ച നടത്താനാണ് ഇറാന് താൽപര്യം. ഇസ്രയേലിനോട് ആക്രമണം നിർത്താൻ പറയാൻ അമേരിക്കക്ക് ബുദ്ധിമുട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി. ഇസ്രയേൽ ആക്രമണം നിർത്താതെ ആണവ ചർച്ച പുനഃരാരംഭിക്കാനാവില്ലെന്ന നിലപാടിലാണ് ഇറാൻ.
യൂറോപ്യൻ രാജ്യങ്ങളിലെ നേതാക്കളും നയതന്ത്രജ്ഞരുമായി നടത്തിയ ചർച്ചയിലാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി നിലപാട് പറഞ്ഞത്.
ഫ്രാൻസ്, ജർമനി, യുകെ തുടങ്ങിയ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും യൂറോപ്പിലെ നയതന്ത്രജ്ഞമാരുമാണ് ഇന്നലെ നടന്ന ചർച്ചയിൽ പങ്കെടുത്തത്. ചർച്ചയെ കുറിച്ച് ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.