കോഴിക്കോട് : പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷം കാരണം റദ്ദാക്കിയ വിമാനങ്ങളുടെ പുതിയ യാത്രാ സമയം ഇതുവരെയും പ്രഖ്യാപിക്കാത്തത് യാത്രക്കാർക്ക് പ്രതിസന്ധിയായി മാറുന്നു. പെരുന്നാൾ അവധിക്ക് നാട്ടിൽ പോയി തിരികെ വാരാൻ കഴിയാതെ ആശങ്കയിലാണ് പലരും.
ഖത്തറിൽ ഇറാൻ നടത്തിയ ആക്രമണത്തെത്തുടർന്ന് ഗൾഫ് രാജ്യങ്ങളിലെ വ്യോമപാത താത്കാലികമായി അടച്ചതിനാൽ നിരവധി വിമാന സർവീസുകൾ റദ്ദാക്കിയിരുന്നു. പ്രതിസന്ധി മാറിയതിനെ തുടർന്ന് സര്‍വീസുകള്‍ പുനരാരംഭിച്ച ശേഷം എല്ലാ വിമാനത്താവളങ്ങളുടെയും പ്രവർത്തനം സാധാരണനിലയിലേക്ക് മാറിയിട്ടുണ്ട്.
എന്നാൽ, ഇന്ത്യയിൽ നിന്ന് ഗൾഫ് നാടുകളിലേക്ക് സർവീസ് നടത്തുന്ന പല വിമാന കമ്പനികളും റദ്ദായ വിമാനങ്ങൾക്ക് പകരം പുതിയ വിമാനങ്ങൾ ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. പെരുന്നാൾ അവധി കഴിഞ്ഞ ഉടനെ ആയതിനാൽ, ഷെഡ്യൂൾ പ്രകാരം ഇന്നും നാളെയും പുറപ്പെടുന്ന വിമാനങ്ങളിൽ ടിക്കറ്റ് ലഭിക്കുകയും ചെയ്യുന്നില്ല. എയർ ഇന്ത്യ അടക്കമുള്ള വിമാന കമ്പനികളുടെ കസ്റ്റമർ കെയർ സർവീസുമായി ബന്ധപ്പെടാൻ ശ്രമിച്ചിട്ട് അതിന് കഴിയുന്നില്ലെന്നാണ് പല യാത്രക്കാരും പരാതിപ്പെടുന്നത്. പ്രതിസന്ധി കണക്കിലെടുത്ത് ആവശ്യമായ ജീവനക്കാരെ ഉൾപെടുത്താത്തതാണ് ഇതിനു കാരണമായി കണ്ടെത്തുന്നത്. മിഡിൽ ഈസ്റ്റിൽ നിന്നുള്ള മറ്റുള്ള വിമാന കമ്പനികൾ ആവശ്യമായി ജീവനക്കാരെ അധികമായി നിയമിച്ചു പരിഹാരം കാണാൻ ശ്രമിക്കുന്നു
ണ്ട്.