ജിദ്ദ: വയനാട് സ്വദേശി ജിദ്ദയിൽ കാർ അപകടത്തിൽ മരണപെട്ടു. വയനാട് സുൽത്താൻ ബത്തേരി സ്വദേശി ചെമ്പൻ അഷ്റഫാണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. സുഹൃത്തിനെ നാട്ടിലേക്ക് യാത്രയയച്ചു തിരിച്ചുവരുമ്പോൾ ജിദ്ദ സുലൈമാനിയയിൽ വെച്ചാണ് അപകടം നടന്നത്. അഷ്റഫ് ഓടിച്ചിരുന്ന വാഹനം ട്രക്കിന് പിന്നിൽ ഇടിക്കുകയായിരുന്നു. മൃതദേഹം ജിദ്ദ ഷാർക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്.
അഷ്‌റഫ് ചെമ്പൻ ദീർഘകാലമായി മക്കയിൽ ജോലി ചെയ്യുകയാണ്. ഞായറാഴ്‌ചയാണ് അവധി കഴിഞ്ഞു നാട്ടിൽ നിന്നും തിരിച്ചെത്തിയത്. കൂടെ ജോലി ചെയ്യുന്ന സുഹൃത്തിനെ എയർപോർട്ടിൽ വിട്ടു തിരിച്ചു വരുമ്പോഴാണ് അപകടം നടന്നത്. മക്കയിലെ ജീവ കാരുണ്യ പ്രവർത്തങ്ങളിൽ സജീവമായ അഷ്‌റഫ് മക്ക റീജിയൻ ഐസിഎഫ് ഇക്കോണോമിക് സെക്രട്ടറിയാണ്. സുൽത്താൻ ബത്തേരി മർക്കസുദ്ദഅവ സ്ഥാപനത്തിന്റെ പ്രവർത്തങ്ങളുമായും സഹകരിച്ചു പ്രവർത്തിക്കുന്നുണ്ടായിരുന്നു.
ചെമ്പൻ മൊയ്‌തീൻ കുട്ടി ഹാജിയുടെ മകനാണ്. ഭാര്യ: വൈത്തിരി സ്വദേശി ഷാനിബ, മക്കൾ: മുഹമ്മദ് ആദിൽ, അദ്‌നാൻ മുഹിയുദ്ധീൻ, ആയിഷ ബാനു. അഷ്‌റഫ് ചെമ്പന്റെ സ്പോസർ ജിദ്ദയിൽ എത്തിയിട്ടുണ്ട്. ഐസിഎഫ് ജിദ്ദ, മക്ക വെൽഫെയർ ടീമുകളുടെ നേതൃത്വത്തിൽ നിയമ നടപടിക്രമങ്ങൾ പൂർത്തീകരിച്ചു വരുന്നു.