മലപ്പുറം: നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. നിലമ്പൂർ മുണ്ടേരി വാണിയാമ്പുഴ കോളനിയിലെ ബില്ലി(46)യാണ് കൊല്ലപ്പെട്ടത്. ചാലിയാറിന് അക്കരെയുള്ള വാണിയാമ്പുഴ കോളനിയിൽ യുവാവിൻറെ കുടിലിന് സമീപം വെച്ചാണ് കാട്ടാന ആക്രമിച്ചത്. ബുധനാഴ്‌ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം നടന്നത്. വിറക് ശേഖരിക്കുന്നതിനായി വനപ്രദേശത്ത് എത്തിയപ്പോഴായിരുന്നു ബില്ലിയെ കാട്ടാന ആക്രമിച്ചത്.
നിലമ്പൂരിലെ ആദിവാസി മേഖലയാണ് വാണിയാമ്പുഴ. 2019 ലെ പ്രളയത്തിൽ വീട് നഷ്ടപെട്ട ശേഷം കുടിൽ കെട്ടിയാണ് ബില്ലിയും കുടുംബവും താമസിക്കുന്നത്. ചാലിയാറിൽ ജലനിരപ്പ് ഉയർന്നതിനാൽ ആക്രമണം നടന്ന സ്ഥലത്ത് എത്തുക പ്രയാസമാണ്. ചങ്ങാടം പോലും ഇല്ലാതെ അവസ്ഥയാണ്. നിലവിൽ ഇവിടെ വന്യജീവി ശല്യവും രൂക്ഷമാണ്. ജനങ്ങൾ പലതവണ ആവശ്യപ്പെട്ടിട്ടും വന്യജീവി ആക്രമണം തടയുന്നതിന് ഒരു മുൻ കരുതലും സ്വീകരിച്ചിട്ടില്ലെന്നും ആരോപണമുണ്ട്.
യുവാവിന്റെ മരണത്തിൽ അന്വേഷണം നടത്തി വരികയാണെന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. മൃതദേഹം പുറത്തെത്തിക്കാൻ ഫയർ ഫോയ്‌സിന്റെ സഹായം അഭ്യർഥിച്ചതായും അദ്ദേഹം പറഞ്ഞു.