കോട്ടയം: വീണ്ടും വർഗീയ വിഷം ചീറ്റി പിസി ജോർജ്. കേരളത്തിൽ വർഗീയത കൂടിക്കൊണ്ടിരിക്കുകയാണെന്നും മുസ്‌ലിംകളല്ലാത്തവർക്ക് ജീവിക്കാൻ പറ്റാത്ത സാഹചര്യമാണുള്ളതെന്നും ബിജെപി നേതാവ് പിസി ജോർജ്. ഭാരതത്തോട് സ്നേഹമില്ലാത്ത ഒരുത്തനും ഇവിടെ ജീവിക്കുന്നത് ശരിയല്ലെന്നും ഇതിന്റെ പേരിൽ പിണറായി കേസെടുത്തലും ഒരു പ്രശ്‌നമില്ലെന്നും പിസി ജോർജ് പറഞ്ഞു. എച്ച്ആര്‍ഡിഎസിന്റെ നേതൃത്വത്തിൽ ഇടുക്കിയിൽ സംഘടിപ്പിച്ച അടിയന്തിരാവസ്ഥ അനുസ്‌മരണ പരിപാടിയിലായിരുന്നു പിസി ജോർജിന്റെ വിവാദ പരാമർശം.
മറ്റുള്ളവർക്ക് ജീവിക്കാൻ അവകാശമില്ലെന്ന് കരുതുന്ന തലമുറയെ മുസ്‌ലിം സമുദായം വളർത്തി കൊണ്ടുവരുന്നു. ഭാരതത്തോട് സ്നേഹമില്ലാത്ത ഒരുത്തനും ഇവിടെ ജീവിക്കുന്നത് ശരിയല്ല. ക്രിക്കറ്റ് മാച്ചിൽ പാകിസ്ഥാൻറെ വിക്കറ്റ് പോകുമ്പോൾ ചിലർ ചിലർ അല്ലാഹു അക്ബർ വിളിക്കുന്നു. ഇനി ഇതിന്റെ പേരിൽ പിണറായി ഒരു കേസുകൂടി എടുത്താലും എനിക്ക് പ്രശ്‌നമില്ല. അത് കോടതിയിൽ തീർത്തോളം. പിസി ജോർജ് പറഞ്ഞു.
ഇന്ത്യ എന്ന പേര് തിരുത്തേണ്ട സമയമായെന്നും പിസി ജോർജ് പറഞ്ഞു. ഇന്ത്യ എന്നത് സായിപ്പിട്ട പേരാണ്. അത് ചുമന്ന് നടന്നിട്ട് കാര്യമില്ല. ഋഷീശ്വരന്മാരുടെ പൈതൃകം പേറുന്ന നാടാണ് നമ്മുടേത്. പേരിലും അത് ഉൾകൊള്ളാൻ തയ്യാറാകണം. എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വിവാദ പരാമർശത്തിൽ പിസി ജോർജിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് പരാതി. മതവികാരം വ്രണപ്പെടുത്തുന്ന പരാമർശങ്ങൾ തുടരുന്ന പിസി ജോർജിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് പരാതിയിൽ യൂത്ത്‌ലീഗ് ആവശ്യപ്പെടുന്നത്. പരിപാടിയുടെ വീഡിയോ ദൃശ്യങ്ങൾ എടുക്കുമെന്ന് പോലീസ് അറിയിച്ചു.