ജനീവ: മുഴുവൻ മനുഷ്യരും ഒരേപോലെ പട്ടിണി കിടക്കുന്ന ഒരേ ഒരു സ്ഥലം ഭൂമിയിലുണ്ടെങ്കില്‍, അതാണ് ഗാസയെന്ന് ഐക്യരാഷ്ട്ര സഭ കഴിഞ്ഞ മാസം നടത്തിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ഫലസ്തീന്‍ പ്രദേശത്തെ മുഴുവന്‍ ജനങ്ങളും കടുത്ത ക്ഷാമഭീഷണിയില്‍ കഴിയുന്നുവെന്ന് യുഎന്നിന്റെ മാനുഷികകാര്യ ഏജന്‍സിയായ OCHA മുന്നറിയിപ്പ് നല്‍കിയിരുന്നു.
പോഷകാഹാരക്കുറവ് മൂലം 66 കുഞ്ഞുങ്ങള്‍ ജീവന്‍ നഷ്ടപ്പെട്ടതായി പുറത്ത് വന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇസ്‌റാഈലിന്റെ തുടര്‍ച്ചയായ ആക്രമണങ്ങളില്‍, പോഷകാഹാരത്തിന് ലഭ്യത ഇല്ലാതായതാണ് ഈ മരണങ്ങള്‍ക്കു കാരണമെന്ന് ഗാസ അധികൃതര്‍ പറഞ്ഞു. പ്രതിദിനം 112-ല്‍ പരം കുഞ്ഞുങ്ങളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നത് എന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
പാല്‍, പോഷക സപ്ലിമെന്റുകള്‍, മറ്റു അനിവാര്യ ഭക്ഷ്യസാധനങ്ങള്‍ എന്നിവ എത്തുന്നത് ഇസ്‌റാഈല്‍ ഭരണകൂടം തടയുകയാണെന്ന് ഗാസ മീഡിയ ഓഫീസ് ആരോപിക്കുന്നു. ഫലസ്‌തീൻ ജനതയെ ഉന്മൂലനം ചെയ്യാനുള്ള ഇസ്‌റാഈലിന്റെ ഒരു യുദ്ധായുധമായി പട്ടിണിയെ കണക്കാക്കുന്നു. ഈ മനുഷ്യത്വരഹിത സമീപനത്തിന് ഇസ്‌റാഈലിനൊപ്പം അമേരിക്ക, യു.കെ, ഫ്രാന്‍സ്, ജര്‍മനി എന്നിവയും പങ്കാളികളാണെന്നും മീഡിയ ഓഫീസ് കുറ്റപ്പെടുത്തി. ഗാസയുടെ അതിര്‍ത്തികള്‍ തുറക്കാന്‍ ഐക്യരാഷ്ട്ര സഭ അടിയന്തരമായി ഇടപെടണം എന്നും അവർ ആവശ്യം ഉന്നയിച്ചു.
യുണിസെഫിന്റെ അടുത്തകാലത്തെ മുന്നറിയിപ്പിൽ, ഗസ്സയിലെ കുട്ടികളില്‍ പോഷകാഹാരക്കുറവ് “ഭയാനക തോതില്‍” ഉയരുന്നതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2025 മെയ് മാസം മാത്രം 6 മാസം മുതല്‍ 5 വയസ്സ് വരെയുള്ള 5,119 കുട്ടികളെയാണ് പോഷകാഹാരക്കുറവിന് ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. ഏപ്രിലിലെ 3,444 കേസുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏകദേശം 50% വര്‍ധനയും, ഫെബ്രുവരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 150% വര്‍ധനയുമാണ് കാണുന്നത്.
“ഒരു രാജ്യത്തോ അതിലെ ഒരു പ്രദേശത്തോ മുഴുവന്‍ ജനങ്ങളും പട്ടിണിയില്‍ കഴിയുന്ന ഒരേയൊരു സ്ഥലമാണ് ഗാസ,” എന്നാണ് OCHA വക്താവ് ജെന്‍സ് ലാര്‍ക്ക് കഴിഞ്ഞമാസം നടത്തിയ പ്രസ്താവന. ജനസംഖ്യയുടെ 100% പ്രതീക്ഷയില്ലാത്ത ക്ഷാമവസ്ഥയിലാണെന്നും, ഗസ്സയിലേക്ക് സഹായം എത്തിക്കുന്നതിന്റെ പ്രക്രിയ ലോകത്തിലെ ഏറ്റവും തടസ്സം നേരിടുന്ന ശ്രമങ്ങളിലൊന്നായി മാറിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
“വെറും 150 ദിവസങ്ങളില്‍ (വർഷാരംഭം മുതല്‍ മെയ് അവസാനം വരെ) 16,736 കുഞ്ഞുങ്ങളെ (ശരാശരി പ്രതിദിനം 112 കുട്ടികള്‍) ഗാസയില്‍ പോഷകാഹാരക്കുറവിന് ചികിത്സയ്ക്കായി ആശുപത്രിയിലേക്കു കൊണ്ടുവന്നിരിക്കുന്നു,” എന്ന് യുണിസെഫിന്റെ മിഡില്‍ ഈസ്റ്റ്, വടക്കേ ആഫ്രിക്ക റീജിയണല്‍ ഡയറക്ടര്‍ എഡ്വാര്‍ഡ് ബീഗ്‌ബെഡെ പറഞ്ഞു.
ഇത്തരം ഓരോ മരണവും തടയാവുന്നതാണ്, അതിന് വേണ്ട ഭക്ഷണം, വെള്ളം, മെഡിക്കല്‍ സഹായം എന്നിവ അവരിലേക്കെത്താതെ പോകുന്നത് മനുഷ്യത്വവിരുദ്ധ തീരുമാനങ്ങളുടെ ഫലമാണ്, എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അതിര്‍ത്തികള്‍ തുറന്ന് ജീവന്‍ രക്ഷിക്കാനുള്ള സഹായം അടിയന്തരമായി അനുവദിക്കണമെന്നും, ഇസ്‌റാഈലിനോട് അദ്ദേഹം ആവശ്യപ്പെട്ടു.