റിയാദ്: ഹൃദയാഘാതം മൂലം ഇന്ന് റിയാദിൽ മരണപ്പെട്ട കൊല്ലം സ്വദേശി ഷമീറിൻറെ ജനാസ റിയാദിൽ ഖബറടക്കി. എക്സിറ്റ് 15 ലെ അൽ രാജ്‌ഹി പള്ളിയിൽ ജനാസ നിസ്‌കരിക്കുകയും നസീം മഖ്ബറയിൽ ഖബറടക്കുകയും ചെയ്‌തു, സുഹൃത്തുക്കളും സഹപ്രവർത്തകരും ഉൾപ്പടെ വലിയൊരു ജനക്കൂട്ടം തന്നെ ചടങ്ങിൽ സംബന്ധിച്ചു. കൊല്ലം ക്ലാപ്പന പുതുതെരുവ് സ്വദേശി കാവുംതറയിൽ അബ്ദുസലാമിൻറെ മകൻ ഷമീറാണ് ശനിയാഴ്‌ച പുലർച്ചെ മരണപ്പെട്ടത്. താമസസ്ഥലത്തു വെച്ച് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് ഉടൻ ദാറുൽ ഷിഫാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പതിനെട്ട് വർഷമായി റിയാദിലുള്ള ഷമീർ ഇപ്പോൾ ബത്ഹയിലെ ഗുറാബി സ്ട്രീറ്റിൽ ഇലക്ട്രിക്ക് ഷോപ്പ് നടത്തി വരികയായിരുന്നു. കുടുംബം ഷമീറിന്റെ കൂടെ റിയാദിലുണ്ടായിരുന്നു. ഭാര്യയും മക്കളും അടുത്ത ദിവസം നാട്ടിലേക്ക് തിരിച്ചുപോകും.
പിതാവ്: പരേതനായ കാവുംതറയിൽ അബ്ദുൾസലാം, മാതാവ്: റംല, ഭാര്യ: അൻസില, മക്കൾ: മുഹമ്മദ് ഫർഹാൻ, ഫൈറ(റിയാദ് അലിഫ് ഇന്റർനാഷണൽ സ്‌കൂൾ വിദ്യാർഥികളാണ്), മുഹമ്മദ് ഫൗസാൻ. റിയാദ് ഐസിഎഫ് വെൽഫെയർ ടീമിന്റെ നേതൃത്വത്തിലായിരുന്നു മരണാന്തര നിയമ നടപടികൾ പൂർത്തിയാക്കിയത്.