ഓസ്‌ലോ: ഇസ്രായേൽ സൈന്യത്തിന് ആയുധങ്ങൾ വിൽക്കുന്ന രണ്ട് കമ്പനികളുമായി ബിസിനസ് നടത്തില്ലെന്ന് നോർവയിലെ ഏറ്റവും വലിയ പെൻഷൻ ഫണ്ടായ കെഎൽപി. കമ്പനികൾ വിൽക്കുന്ന ഉപകരണങ്ങൾ ഇസ്രായേൽ ഗാസയിൽ ഉപയോഗിക്കുന്നുണ്ടെന്ന കാരണത്താലാണ് തീരുമാനം. സൈനിക വാഹനങ്ങളും ട്രക്കുകളും നിർമ്മിക്കുന്ന ഓഷ്കോഷ് എന്ന അമേരിക്കൻ കമ്പനിയും യുദ്ധ കപ്പലുകളും വ്യാസസായിക യന്ത്രങ്ങളും നിർമിക്കുന്ന തൈസൻ ക്രൂപ്പെന്ന ജർമ്മൻ കമ്പനിയുമായായാണ് കെഎൽപി ബിസിനസ് നിർത്തിയത്.
ഈ രണ്ടു കമ്പനികളും 2024 ൽ ഇസ്രായേലിന് ആയുധങ്ങളും ഉപകരണങ്ങളും നൽകുന്നതായും അവ ഇസ്രായേൽ ഗാസയിൽ ഉപയോഗിക്കുന്നതായും കെഎൽപി കണ്ടെത്തി. ഓഷ്കോഷ്, തൈസൻ ക്രൂപ്പ് കമ്പനികൾ തങ്ങളുടെ നിക്ഷേപ മാർഗ നിർദേശങ്ങൾ ലംഘിക്കുകയാണ് എന്നാണ് കെഎൽപി പറയുന്നത്. അതിനാൽ അവരെ ഞങ്ങളുടെ നിക്ഷേപത്തിൽ നിന്നും ഒഴിവാക്കാൻ തീരുമാനിച്ചെന്നും കെഎൽപി മേധാവി കിരൺ അസീസ് അറിയിച്ചു.
2025 ജൂൺ വരെ കെഎൽപി ഓഷ്‌കോഷിൽ 1.8 മില്യൺ ഡോളറിൻറെയും തൈസൻ ക്രൂപ്പിൽ ഏകദേശം ഒരു മില്യൺ ഡോളറിൻറെയും നിക്ഷേപം നടത്തിയിരുന്നു. നോർവെയിലെ ഏറ്റവും വലിയ പെൻഷൻ ഫണ്ടാണ് കെഎൽപി. 1949 ലാണിത് സ്ഥാപിതമായത്. ഇസ്രായേൽ ഗാസയിൽ ഉപയോഗിക്കുന്ന വാഹനങ്ങളും വാഹന ഭാഗങ്ങളുമാണ് ഓഷ്കോഷ് നിർമിച്ചു നൽകുന്നത്. തൈസൻ ക്രൂപിന് ഇസ്രയേലുമായി ദീർഘകാലത്തെ ബന്ധമുണ്ട്. 2020-2021 മെയ് വരെയുള്ള കാലയളവിൽ നാല് യുദ്ധ കപ്പലുകൾ ഇസ്രായേലിന് വേണ്ടി കമ്പനി നിർമിച്ചു നൽകിയിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ ഒരു അന്തർ വാഹിനി കപ്പൽ കൂടി ഇസ്രായേലിന് നൽകാൻ പദ്ധതിയുണ്ടെന്ന് കമ്പനി അറിയിച്ചു.