ഹൈദരാബാദ്: തെലങ്കാനയിലെ ഒരു ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയിലുണ്ടായ തീ പിടുത്തത്തിൽ എട്ട് പേർ മരിച്ചു. ഇരുപതിലധികം പേർക്ക് ഗുരുതരമായി പരിക്ക് പറ്റുകയും ചെയ്‌തു. തെലങ്കാനയിലെ പാഷാമൈലാരം ഇൻഡസ്ട്രിയൽ മേഖലയിലുള്ള സിഗാച്ചിഇൻഡസ്ട്രിയൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഫാർമസ്യൂട്ടിക്കൽസ് ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്.
ഫാക്ടറിയിലെ ഒരു റിയാക്റ്റർ പൊട്ടിത്തെറിച്ചതാണ് വൻ തീപിടുത്തത്തിന് കാരണമായത്. ശക്തമായ സ്‌ഫോടനത്തിൽ കെട്ടിടം പൂർണമായും തകർന്നു. തൊഴിലാളികൾ നൂറു മീറ്ററോളം ദൂരത്തേക്ക് തെറിച്ചു വീണു. സ്ഫോടനത്തെ തുടർന്ന് കറുത്ത പുകയും വിഷ വാതകങ്ങളും ചുറ്റുമുള്ള പ്രദേശങ്ങളിലേക്ക് വ്യാപിച്ചു. സമീപത്തുള്ള കെട്ടിടങ്ങളിൽ നിന്നും താമസക്കാരെ ഒഴിപ്പിച്ചു. റിയാക്ടറിലെ മർദ്ദം കൂടിയതാണ് പൊട്ടിത്തെറിക്ക് കാരണമെന്നറിയുന്നു.
അഗ്നിശമനസേനയുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ എട്ട് മൃതദേഹങ്ങൾ കണ്ടെടുത്തു. 13 പേരെ രക്ഷപ്പെടുത്തുകയും ചെയ്‌തു.20 ലധികം തൊഴിലാളികൾക്ക് ഗുരുതരമായ പൊള്ളലേറ്റിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേര് കുടുങ്ങിയിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അഗ്നിശമനസേന.
പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയും ഗുരുതരാവസ്ഥയിലുള്ളവരെ ഹൈദരാബാദിലുള്ള ആശുപത്രികളിലേക്ക് കൊണ്ടുപോവുകയും ചെയ്തിട്ടുണ്ട്. അപകട വാർത്തയറിഞ്ഞ ബന്ധുക്കൾ സ്ഥലത്തെത്തിയിട്ടുണ്ട്. ബന്ധുക്കളെ ഫോണിൽ ബന്ധപ്പെടാൻ കഴിയാത്തത് ആശങ്ക വർധിപ്പിക്കുകയാണ്.
ലഭ്യമായ വിവരങ്ങൾ അനുസരിച്ചു, സിഗാച്ചി ഫാർമസ്യൂട്ടിക്കൽസ് പൗഡറുകളാണ് ഉണ്ടാക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറോളം തൊഴിലാളികൾ ഇവിടെ ജോലി ചെയ്യുന്നുണ്ട്. കെമിക്കൽ ഫാർമസ്യൂട്ടിക്കൽ നിർമ്മാണകേന്ദ്രമായ പാഷാമൈലാരം വ്യവസായിക പാർക്കിലാണ് സിഗച്ചി കമ്പനി വർക്ക് ചെയ്യുന്നത്.